ദുബായ്: ഹൂതി ആക്രമണത്തിനിരയായ ചരക്ക് കപ്പൽ, ചെങ്കടലിൽ മുങ്ങിയെന്ന് യെമൻ സർക്കാർ. വലിയ പാരിസ്ഥിതിക ദുരന്തത്തിന് സാധ്യതെന്ന് മുന്നറിയിപ്പ്. ടൺകണക്കിന് രാസവളം കൊണ്ടുപോവുകയായിരുന്ന കപ്പലാണ് മുങ്ങിയത്. നവംബറിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂത്തി ആക്രമണം തുടങ്ങിയ ശേഷം മുങ്ങുന്ന ആദ്യ കപ്പലാണ് ഇത്. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് ഹൂത്തി വിമതർ വാണിജ്യ കപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയത്. ഫെബ്രുവരി 18നാണ് റുബിമാർ എന്ന കപ്പൽ ആക്രമിക്കപ്പെട്ടത്.
ചെങ്കടലിനേയും ഗൾഫ് ഓഫ് ഈദനേയും ബന്ധിപ്പിക്കുന്ന ബാബ് എൽ മാൻദേബിൽ വച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. യെമനിലെ സർക്കാരും പ്രാദേശിക സൈന്യവും കപ്പൽ മുങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബെയ്റൂട്ടിൽ നിന്നായിരുന്നു ഈ കപ്പലിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിയിൽ കാലാവസ്ഥ കൂടി പ്രതികൂലമായതിന് പിന്നാലെയാണ് റൂബിമാർ മുങ്ങിയതെന്നാണ് യെമൻ വിശദമാക്കുന്നത്. ആക്രമണത്തിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട കപ്പലിനെ ഒരു സുരക്ഷിത തുറമുഖത്തേക്ക് കെട്ടി വലിച്ച് എത്തിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് കപ്പൽ മുങ്ങിയത്.
ചെങ്കടൽ ഇടുക്കിലെ ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമായിരിക്കുന്നത് ഇസ്രയേൽ ഹമാസ് യുദ്ധമാണ്. ലെബനണിലെ ഹിസ്ബുള്ളയുടെ നേതൃത്വവും, ഇറാന്റെ നിശബ്ദ പിന്തുണയും ഊർജ്ജമാക്കിയ യെമനിലെ വിഘടനവാദി സംഘമായ ഹൂതികളാണ് അവിടെ ആക്രമണം നടത്തുന്നത്. സനയും വടക്കൻ യെമനും ചെങ്കടലിന്റെ തീരപ്രദേശവും ഇന്ന് ഹൂതികളുടെ വരുതിയിലാണ്.
ഗാസയെ ആക്രമിക്കുന്ന ഇസ്രയേലിനെ ഒറ്റപ്പെടുത്താനാണ് ശ്രമത്തിന്റെ ഭാഗമായാണ് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം തുടങ്ങിയത്. യൂറോപ്പ്, അമേരിക്ക, പിന്നെ ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരം മുഴുവൻ നടക്കുന്നത് ചെങ്കടൽ വഴി കപ്പൽ ഗതാഗതത്തിലൂടെയാണ്. ഇത് മുടക്കി, ഇസ്രയേലിന് മേൽ ഉപരോധ സമാനമായ സമ്മർദം സൃഷ്ടിക്കലാണ് ഹൂതി ആക്രമണങ്ങളുടെ ലക്ഷ്യം. ഇസ്രയേൽ ഉടസ്ഥതയിലുള്ളതാണോ എന്നോ, ഇസ്രയേലിലേക്കാണോ എന്നോ ഒന്നും നോക്കാതെ ഇതുവരെ നൂറോളം ഡ്രോണുകൾ ആണ് ഹൂതികൾ കപ്പലുകൾക്ക് നേരെ പായിച്ചത്.
ആഗോള ചരക്ക് ഗതാഗതത്തെ മുഴുവൻ ഒരു പരിധി വരെ ഇതുവഴി പ്രതിസന്ധിയിലാക്കാൻ ഹൂതികൾക്കായി. ആകെ ആഗോള വ്യാപരത്തിന്റെ 12 ശതമാനവും നടക്കുന്നത് ഇതുവഴിയാണ്. യൂറോപ്പ് – ഏഷ്യ വ്യാപാരത്തിന്റെ 40 ശതമാനവും ഇതുവഴിയാണ്. ഇതിൽ ഏറ്റവും പ്രധാനമായ വ്യാപാരവസ്തുവിലൊന്ന് ഇന്ധനമാണെന്നതാണ് ശ്രദ്ധേയം.