നെടുമങ്ങാട്: കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന് വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ അധികൃതർക്കെതിരെ ആൾക്കൂട്ട വിചാരണയ്ക്ക് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ അമ്മാവൻ. കാര്യങ്ങളെ കുറിച്ചെല്ലാം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് പ്രധാന ആരോപണം. വാര്‍ഡനാരാണെന്ന് ചോദിക്കുമ്പോൾ താനാണെന്ന് പറയുന്ന ആൾ ഹോസ്റ്റലിന്റെ കാര്യങ്ങൾ അറിയണ്ടേ? അസിസ്റ്റന്റ് വാര്‍ഡനും ഹോസ്റ്റലിൽ കയറാറില്ല. ഹോസ്റ്റലിൽ എന്ത് നടന്നാലും ഡീൻ ഉത്തരവാദിയാണ്, ഒഴിഞ്ഞുമാറാൻ കഴിയില്ല. സിദ്ധാര്‍ത്ഥൻ ചെയ്തുവെന്ന് പറയുന്ന ശുചിമുറിയിൽ ആരാണ് ആദ്യം കയറിയത്, എന്താണ് കണ്ടത്? ആരാണ് വാതിൽ തുറന്നത് ഇതെല്ലാം അറിയാവുന്ന മൂന്ന് പേരേയുള്ളൂ. വേറാര്‍ക്കും അറിയില്ല, പൊലീസും ഒന്നും കണ്ടിട്ടില്ല. തിരക്കഥ കൃത്യമായാണ് തയ്യാറാക്കിയിരിക്കുന്നത്.
എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും ഡീൻ മറച്ചുവെച്ചു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് പൊലീസിനൊപ്പമാണ് ഡീൻ വീട്ടിലെത്തിയത്. എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് വീട്ടിലെത്തിയ ഡീൻ പറഞ്ഞത്. ഇത് അദ്ദേഹത്തിന് പറ്റിയ പണിയാണോ, പണി കളഞ്ഞ് വേറെ വല്ല പണിക്കും പോകണമെന്നും രൂക്ഷമായാണ് സിദ്ധാർത്ഥന്റെ ബന്ധു പ്രതികരിക്കുന്നത്. സസ്പെൻഷൻ പോലെ നടപടി വരുമെന്ന് അറിഞ്ഞിട്ടാണ് മുൻകൂറായി ഈ പ്രതികരണമെന്നാണ് സിദ്ധാർത്ഥന്റെ അമ്മാവൻ ഷിബു ആരോപിക്കുന്നത്.