കോഴിക്കോട്: പുറത്തിറങ്ങാന്‍ പോലുമാകാത്ത തരത്തില്‍ വേനല്‍ കടുക്കുമ്പോള്‍ വെള്ളം കവിഞ്ഞൊഴുകുന്ന ഒരു കിണര്‍ വീട്ടുകാർക്ക് ആശങ്ക നൽകുകയാണ്. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരില്‍ താമസിക്കുന്ന പാറശ്ശേരി താഴത്തെ ഹൈമാവതിയുടെ വീട്ടുമുറ്റത്തുള്ള കിണറിലാണ് ഏവരിലും ആശ്ചര്യമുണ്ടാക്കുന്ന ഈ പ്രതിഭാസം. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കിണറില്‍ നിന്നും വെളളം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയതെന്ന് വീട്ടുകാര്‍ പറയുന്നു.
സാധാരണയായി ഫെബ്രുവരിയില്‍ തന്നെ വെള്ളം കുറയുകയും പിന്നീട് പൂര്‍ണമായും വറ്റുകയും ചെയ്യുന്ന കിണറാണിത്. ഇത്തരത്തില്‍ ഒരു അനുഭവം ആദ്യമായാണെന്നും ഹൈമാവതി പറഞ്ഞു. ജലനിരപ്പ് ഉയര്‍ന്ന് കിണറിന്റെ ആള്‍മറയുടെ വശങ്ങളിലൂടെ വെള്ളം പുറത്തേക്ക് നിര്‍ച്ചാലായി ഒഴുകുകയാണ്. വെള്ളത്തിന്റെ നിറത്തിലും വ്യത്യാസം കാണുന്നുണ്ട്. നാട്ടിലെ ഈ അദ്ഭുതം കാണാന്‍ ഇപ്പോള്‍ സന്ദര്‍ശകരുടെ തിരക്കാണ്.
ഹൈമാവതിയുടെ വീടിന്റെ 150 മീറ്ററോളം അകലെ ദേശീയ പാതയിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പ് ലൈനില്‍ നേരത്തേ ചോര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ഇതിന് സമീപത്തെ കിണറുകളിലൊന്നും വെള്ളം ഉയര്‍ന്നിട്ടുമില്ല. വെള്ളം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കിണര്‍ ഇടിഞ്ഞു താഴുമോ എന്ന ആശങ്കയിലാണ് വീട്ടുകാര്‍. എത്രയും പെട്ടെന്ന് ശാസ്ത്രീയമായ പഠനം നടത്തി ഇതിന്റെ കാരണം എന്താണെന്ന് കണ്ടെത്തണമെന്നാണ് വീട്ടുകാര്‍ ആവശ്യപ്പെടുന്നത്.