മുള്ളേരിയ (കാസർകോട്) > സർക്കാരിനെതിരെ അസഭ്യവർഷം ചൊരിഞ്ഞ് പഞ്ചായത്ത് ജീവനക്കാരൻ. കാസർകോട് ബെള്ളൂർ പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് മാത്യൂ കുര്യാക്കോസാണ് പഞ്ചായത്ത് ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ സർക്കാരിനെതിരെ പരസ്യമായി ചീത്ത വിളിച്ചത്. ശനിയാഴ്‌ച രാത്രി എട്ടിന് മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ എടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
സർക്കാരിനെയും സിപിഐ എമ്മിനെയും തെറി പറഞ്ഞാണ് വീഡിയോയുടെ തുടക്കം. തുടർന്ന് അസഭ്യവർഷം. വീഡിയോ പോസ്റ്റ് ചെയ്‌തയുടൻ പഞ്ചായത്ത് ഉദ്യോഗസ്ഥർ തന്നെ എതിർപ്പുമായി രംഗത്ത് വന്നു. വീഡിയോയിൽ സർക്കാരിനെതിരെ ചീത്ത വിളി ഒഴിവാക്കണം എന്ന് അഭ്യർഥിച്ചെങ്കിലും ചീത്ത വിളി തുടർന്നു. പഞ്ചായത്ത് അംഗങ്ങൾ കൂടി എതിർത്തതോടെ വെല്ലുവിളിയായി.
കോട്ടയം സ്വദേശിയായ മാത്യൂ നിരവധി തവണ വകുപ്പ് നടപടികൾ നേരിട്ടുട്ടുണ്ട്. ഏറ്റവുമൊടുവിൽ അച്ചടക്കലംഘനം നടത്തിയതിനാണ് ബെള്ളൂരിലേക്കുള്ള മാറ്റം. വീഡിയോ പുറത്തായി വാട്സ് ആപ്പിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്‌ത കാര്യം അറിയിച്ചിട്ടും പിൻവലിക്കാൻ കൂട്ടാക്കിയില്ല. മറുപടിയായി കൂടുതൽ ശബ്‌ദസന്ദേശങ്ങൾ അയക്കുകയും ചെയ്‌തു. മുൻപും നിരവധി പരാതികളിൽ സ്ഥിരം നടപടി എടുത്ത ജീവനക്കാരന്റെ സർവീസ് റെക്കോർഡ് വരെ കാണാനില്ല എന്നറിയുന്നു. ഇയാൾക്കെതിരെ കടുത്ത നടപടി വേണമെന്നാണ് മറ്റ് ജീവനക്കാരുടെ ആവശ്യം.