തിരുവനന്തപുരം > തിരുവനന്തപുരം പേട്ടയിൽ രണ്ടുവയസുകാരിയെ തട്ടിയെടുത്തത് പോക്സോ കേസ് പ്രതിയെന്ന് സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു. പോക്സോ കേസുകളിലുൾപ്പെടെ പ്രതിയാണ് ഇയാളെന്നും 2022ൽ അയിരൂരിൽ സമാനമായ കേസ് നിലനിൽക്കുന്നുണ്ടെന്നും കമീഷണർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എട്ടോളം കേസുകളിൽ പ്രതിയാണ് ഹസൻകുട്ടി എന്ന കബീറെന്നും പോക്സോയ്ക്ക് പുറമെ വനഭേദനം, കാണിക്കവഞ്ചി മോഷണം, ഓട്ടോറിക്ഷ മോഷണം എന്നിങ്ങനെ പല കേസുകളിൽ പ്രതിയാണെന്നും കമീഷണർ പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കുട്ടിയെ പ്രതി തട്ടികൊണ്ടുപോയത് ഉപദ്രവിക്കാനായിരുന്നു. അരമണിക്കൂർ സ്ഥലത്തെത്തി നിരീക്ഷിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോകൽ. ട്രെയിനിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ തട്ടിയെടുത്ത് സമീപത്തുള്ള റെയിൽവേ ട്രാക്കിലേക്ക് പോയി. പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു. കുട്ടിയുടെ ബോധം പോയപ്പോൾ മരിച്ചെന്നു കരുതിയാണ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം റെയിൽവേ ട്രാക്കിലൂടെ നടന്ന് റോഡിൽ എത്തി. അവിടെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കടന്നു. ഉപേക്ഷിച്ച ശേഷം ഒരുപാട് ഇടങ്ങളിൽ കറങ്ങിനടന്നു. കുട്ടി മരിച്ചെന്ന് കരുതി പ്രതി ഭയന്നിരുന്നതായും കമീഷണർ പറഞ്ഞു.
ജനുവരിയിലാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. 2022ൽ സമാനമായ രീതിയിൽ പെൺകുട്ടിയെ മിട്ടായി നൽകി പ്രലോഭിപ്പിച്ച് ഉപദ്രവിക്കാൻ ശ്രമിച്ച കേസിലായിരുന്നു ജയിലിലായത്. രാത്രി മുഴുവൻ കറങ്ങി നടക്കുന്ന സ്വഭാവമാണ് ഇയാൾക്ക്. കൃത്യമായ രേഖകളോ അഡ്രസോ ഇല്ലാത്തതിനാൽ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടായിരുന്നു. കൊല്ലം ചിന്നക്കടയിൽ നിന്നാണ് ഇയാളെ പിടിച്ചത്. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പിടികൂടിയത്. നിലവിൽ 8 ഓളം കേസുകളിൽ പ്രതിയാണ്. കേസാവാത്ത മറ്റ് കുറ്റകൃത്യങ്ങളും ചെയ്തിട്ടുണ്ടെന്നാണ് ഇയാളുടെ മൊഴിയിൽ നിന്നും മനസിലായത്. പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന് അന്വേഷിക്കുകയാണ്. പ്രതി മുൻപ് കൊല്ലത്ത് നാടോടി സംഘത്തിലെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയിരുന്നു. പക്ഷേ അതിൽ കേസ് ഉണ്ടായിട്ടില്ല, അതും പരിശോധിക്കുമെന്നും കമ്മീഷണർ പറഞ്ഞു.
പ്രതിയെ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. തമ്പാനൂര്‍ കെഎസ്ആര്‍ടി സ്റ്റാന്‍ഡ് മുതല്‍ കൊല്ലം വരെയുള്ള ഇടങ്ങളില്‍ നിരവധി സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. സിസിടിവിയിൽ നിന്ന് കിട്ടിയ ഫോട്ടോഗ്രാഫ് ഉപയോഗിച്ച് ജയിൽ ഹിസ്റ്ററി പരിശോധിച്ചുവെന്നും കമീഷണർ വ്യക്തമാക്കി.
നിലവിലെ തട്ടിക്കൊണ്ടുപോയ കേസിലും പോക്സോ ചുമത്തും. പരിചയമില്ലാത്ത കുട്ടികളെ വശീകരിച്ച് ഉപദ്രവിക്കുന്ന സ്വഭാവമുള്ള ആളാണ് പ്രതി. ഇയാൾക്ക് മാനസിക പ്രശ്നമില്ലെന്നും സി എച്ച് നാഗരാജു പറഞ്ഞു.