ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ബിജെപി സീറ്റ് നൽകാത്തതിൽ പ്രതികരണവുമായി വിവാദ നേതാവ് പ്രഗ്യ സിങ് ഠാക്കൂർ. പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് തന്റെ ചില ചിന്തകൾ ഇഷ്ടമായിക്കാണില്ലെന്ന് പ്രഗ്യ സിങ് പ്രതികരിച്ചു. ഇന്നലെയാണ് സീറ്റ് നൽകാത്ത വിഷയത്തിൽ ദേശീയ മാധ്യമത്തിനോട് പ്രഗ്യ പ്രതികരിച്ചത്. ഭോപ്പാൽ സിറ്റിങ് എംപിയായിരുന്നു പ്രഗ്യാ സിങ്. മധ്യപ്രദേശിലെ 29 മണ്ഡലങ്ങളിലേക്ക് 24 ഇടത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ പ്രഗ്യ സിങ്ങിനെ ഒഴിവാക്കുകയായിരുന്നു.
എല്ലാ കാലത്തും വിവാദ പരാമർശങ്ങളുടെ തോഴിയായിരുന്നു പ്രഗ്യ സിങ്. 2019ൽ നടത്തിയ ഗോഡ്സെയാണ് യഥാർത്ഥ രാജ്യസ്നേഹിയെന്ന പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് മോദിയുൾപ്പെടെയുള്ള നേതാക്കളുടെ അനിഷ്ടത്തിന് കാരണമാവുകയും ചെയ്തിരുന്നു. നരേന്ദ്രമോദിയ്ക്ക് തന്റെ അഭിപ്രായത്തിനേക്കാൾ വ്യത്യസ്ഥമായ മറ്റൊരു അഭിപ്രായം ഉണ്ടാവാം. തന്റെ അഭിപ്രായങ്ങളോട് ദേഷ്യവും തോന്നാം. എന്നാൽ താനെന്ത് പറയുന്നതും വർഷങ്ങളായി തനിക്ക് ലഭിച്ചിട്ടുള്ള അറിവുകളുടെ അടിസ്ഥാനത്തിലാണ്. അത് മാറ്റാൻ കഴിയില്ലെന്നും പ്രഗ്യ സിങ് പ്രതികരിച്ചു. പാർട്ടിയാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. താനൊരു പാർട്ടി പ്രവർത്തകയാണ്. പാർട്ടിയുടെ തീരുമാനങ്ങൾ അനുസരിക്കും. പാർട്ടി ആവശ്യപ്പെടുന്ന ഏത് പദവിയിലും താൻ പ്രവർത്തിക്കുമെന്നും പ്രഗ്യ സിങ് പറഞ്ഞു.
മധ്യപ്രദേശിൽ 2019-ൽ 28 സീറ്റുകളും ബിജെപി നേടിയിരുന്നു. അതേസമയം, മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ടിക്കറ്റ് നൽകിയിട്ടുണ്ട്. സിറ്റിങ് എംപിമാരിൽ ആറ് പേർക്കാണ് സീറ്റ് നിഷേധിച്ചത്. വിദിഷയിൽ നിന്നാണ് ശിവരാജ് സിങ് ചൗഹാൻ ജനവിധി തേടുന്നത്. കേന്ദ്ര നേതൃത്വത്തിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരോട് നന്ദിയുള്ളവനാണെന്ന് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശിലെ 29 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ബിജെപി കോട്ടയാണ് വിദിഷ. 1991ൽ അടൽ ബിഹാരി വാജ്‌പേയിയും 2009ലും 2014ലും മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജും ഇവിടെ നിന്ന് വിജയിച്ചു. ഗുണയിൽ നിന്നാണ് ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുക. ചൗഹാൻ്റെ വിശ്വസ്തരായ നാല് പേർക്ക് ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഭോപ്പാൽ മുൻ മേയർ അലോക് ശർമ്മ ഭോപ്പാലിൽ നിന്നും സംസ്ഥാന കിസാൻ മോർച്ച തലവൻ ദർശൻ സിംഗ് ചൗധരി ഹോഷംഗബാദിൽ നിന്നും മത്സരിക്കും.