മസ്കറ്റ്: ഒമാനില്‍ നാല്പതിലധികം പ്രവാസികൾ അറസ്റ്റിലായതായി തൊഴിൽ മന്ത്രാലയം. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. അൽ ദഖിലിയ ഗവർണറേറ്റിലെ നിസ്‌വാ വിലായത്തിൽ നിന്നാണ് നാല്പത്തി മൂന്നു പ്രവാസികളെ പിടികൂടിയതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തൊഴിൽ മന്ത്രാലയത്തിന്റെ അൽ ദഖിലിയ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റിലെ ജോയിന്‍റ് ഇൻസ്പെക്ഷൻ സംഘവും നിസ്‌വ നഗര സഭാ അധികൃതരും റോയൽ ഒമാൻ പൊലീസ് കമാൻഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാല്പത്തി മൂന്ന് പേരെ പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരം പ്രവാസികൾ ഒത്തുചേരുന്ന സ്ഥലങ്ങളിലും വഴിയോരക്കച്ചവട കേന്ദ്രങ്ങളിലും പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയതെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.