ഡൽഹി: മദ്യനയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ചോദ്യങ്ങൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ മറുപടി നൽകും. മാർച്ച് 12ന് ശേഷം തീയതി നിശ്ചയിക്കാനും കെജ്രിവാൾ അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടു. എന്നാൽ ഡൽഹി മുഖ്യമന്ത്രി നേരിട്ട് ഹാജരാകണമെന്ന നിലപാടിലാണ് ഇഡി.
കേസിൽ ഡൽഹി മുഖ്യമന്ത്രിക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് എട്ട് തവണ സമൻസ് അയച്ചിരുന്നു. സമൻസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെജ്‌രിവാൾ ആറ് തവണ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായിരുന്നില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞതവണ അന്വേഷണ ഏജൻസിക്ക് മുന്നിൽ എത്താതിരുന്നത്. ഇന്ന് ഹാജരാകണമെന്ന് കാണിച്ചായിരുന്നു എട്ടാമത്തെ സമൻസ്. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചത്.
മാർച്ച് 12ന് ശേഷം വീഡിയോ കോൺഫറൻസിംഗിലൂടെ ചോദ്യം ചെയ്യാമെന്നാണ് കെജ്രിവാൾ അറിയിച്ചിരിക്കുന്നത്. എന്നാൽ കെജ്രിവാൾ നേരിട്ട് ഹാജരാകണമെന്നാണ് ഇഡിയുടെ നിലപാട്. വീഡിയോ കോൺഫറൻസിംഗ് വഴി ചോദ്യം ചെയ്യാൻ വ്യവസ്ഥയില്ലെന്നും ഇഡി അറിയിച്ചു.