തിരുവനന്തപുരം> സംസ്ഥാനത്തെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങൾ അടങ്ങിയ സുരക്ഷാ ലേബൽ വരുന്നു. ഏത് ഉപഭോക്താവിനും ക്യു ആർ കോഡ് സ്കാൻ ചെയ്താൽ മദ്യ വിതരണം ട്രാക്ക് ചെയ്യാനാകുന്നതാണ് സംവിധാനം. സി ഡിറ്റാണ് ടാഗന്റ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്സ് ലേബൽ ഹോളോഗ്രാം രൂപകൽപ്പന ചെയ്തത്. ഇതുവഴി മദ്യ വിതരണ സംവിധാനം തത്സമയം അധികൃതർക്ക് നിരീക്ഷിക്കാനാകും. ക്യു ആർ കോഡ് സ്കാൻ ചെയ്താൽ മദ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളും, ഏത് വെയർഹൗസിൽ സൂക്ഷിച്ചുവെന്നും എപ്പോഴാണ് വിൽപ്പന സ്റ്റോക്കിൽ വന്നതെന്നും അറിയാം.
നികുതി വെട്ടിപ്പ് പൂർണമായും തടയാനുമാകും. മന്ത്രി എം ബി രാജേഷിന്റെ സാന്നിധ്യത്തിൽ ഹോളോഗ്രാം സംബന്ധിച്ച ധാരണപത്രത്തിൽ ബിവറേജസ് കോർപറേഷൻ സിഎംഡി യോഗേഷ് ഗുപ്ത, എക്സൈസ് കമീഷണർ മഹിപാൽ യാദവ്, സി ഡിറ്റ് രജിസ്ട്രാർ എ കെ ജയദേവ് ആനന്ദ് എന്നിവർ ഒപ്പിട്ടു. സി ഡിറ്റ് ഡയറക്ടർ ജി ജയരാജും പങ്കെടുത്തു. സംവിധാനത്തിന്റെ ട്രയൽ റൺ നടക്കുകയാണ്. പൂർണതോതിൽ വളരെ വേഗം പുതിയ ഹോളോഗ്രാം മദ്യക്കുപ്പികളിൽ പതിച്ചുതുടങ്ങും.
കറൻസിയിലേതിന് സമാനമായ സുരക്ഷാ സംവിധാനങ്ങളാണ് ലേബലിലുള്ളത്. തത്സമയ ട്രാക്കിങ്ങിനും നിരീക്ഷണത്തിനുമായി എക്‌സൈസ് വകുപ്പിനായി ഒരു മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിക്കുന്നുണ്ട്. 2002 മുതൽ സി ഡിറ്റ് നൽകി വരുന്ന 15 സുരക്ഷാ സങ്കേതങ്ങൾ ഉൾച്ചേർത്ത ഹോളോഗ്രാമിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പാണിത്.