തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് പനി ബാധിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിന്റെ ഇന്നത്തെ പരിപാടികൾ മുഴുവൻ റദ്ദാക്കിയതായും ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിന്റെ സ്റ്റാഫ് അംഗങ്ങൾക്കും പനിബാധിച്ചിരുന്നു.അതിനിടെ, ഗസ്സയിൽ 24 മണിക്കൂറിനിടെ 124 പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി. ആകെ മരണം 30,534 ആയി. 71,920 പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ സ്ത്രീകളും കുട്ടികളും മുൻ തടവുകാരും ഉൾപ്പെടെ 55 പേരെക്കൂടി ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയി. തിങ്കളാഴ്ചയും ഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി എത്തിയ വാഹനത്തിനുമേൽ ഇസ്രായേൽ ബോംബിട്ടു.
കുഞ്ഞുങ്ങൾ വിശന്നുമരിക്കുന്നത് തുടരുന്നു
പോഷകാഹാര കുറവുമൂലം കുട്ടികൾ മരിക്കുന്നത് തുടരുകയാണ്. തിങ്കളാഴ്ച ഒരു കുട്ടികൂടി മരിച്ചതോടെ ഒരാഴ്ചക്കിടെ മരണം 16 ആയി. യാസീൻ അൽ കർഫാന എന്ന ബാലനാണ് റഫയിലെ അബൂയൂസുഫ് അൽ നജ്ജാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഗസ്സയിൽ പകർച്ചവ്യാധി പടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രികൾ തകർക്കുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ചികിത്സിക്കാൻ സൗകര്യമില്ല.
യുദ്ധം ആരംഭിച്ച ശേഷം ഇസ്രായേൽ 364 ആരോഗ്യ പ്രവർത്തകരെ വധിക്കുകയും 269 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 155 ആരോഗ്യ കേന്ദ്രങ്ങളാണ് നശിപ്പിച്ചത്. 32 ആശുപത്രികളും 53 ആരോഗ്യ കേന്ദ്രങ്ങളും സേവനം നിർത്തി. 126 ആംബുലൻസുകൾക്കുനേരെയും ആക്രമണമുണ്ടായതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൈറോ ചർച്ചക്ക് ഇസ്രായേൽ പ്രതിനിധികളെത്തിയില്ല
കൈറോ: ഗസ്സയിൽ വെടിനിർത്തലും ബന്ദി കൈമാറ്റവും സാധ്യമാക്കാൻ ഈജിപ്തിലെ കൈറോയിൽ നടക്കുന്ന മധ്യസ്ഥ ചർച്ചയിലേക്ക് ഇസ്രായേൽ പ്രതിനിധികളെ അയച്ചില്ല. ജീവിച്ചിരിക്കുന്ന ബന്ദികളുടെ പേരുവിവരം നൽകണമെന്ന ആവശ്യം ഹമാസ് നിരാകരിച്ചതിനെ തുടർന്നാണ് ഇസ്രായേൽ വിട്ടുനിന്നതെന്നാണ് റിപ്പോർട്ട്. ഖത്തർ, അമേരിക്ക, ഈജിപ്ത്, ഹമാസ് പ്രതിനിധികളാണ് കൈറോയിലുള്ളത്. അതിനിടെ, അടിയന്തരമായി വെടിനിർത്തണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇസ്രായേലിനോട് അഭ്യർഥിച്ചു.