തിരുവനന്തപുരം: തനിക്ക് രണ്ടുവർഷം കൂടി സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. രണ്ടുവർഷം കൂടി സിനിമ ചെയ്യണം. ആ പണത്തിനായി കുടുംബം കാത്തിരിക്കുന്നുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു. തൃശൂര്‍ ലൂര്‍ദ് പള്ളിയിലെ കിരീടവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് സിനിമാ അഭിനയത്തെ കുറിച്ച് സുരേഷ് ഗോപി മനസു തുറന്നത്. രണ്ടുവർഷം കൂടി സിനിമ ചെയ്യണം. ആ പണത്തിനായി കുടുംബം കാത്തിരിക്കുന്നുണ്ട്. അല്ലാതെയും കുറച്ചു പേർ കാത്തിരിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. അതെന്റെ ഹൃദയ നേർച്ചയാണ്, കുടുംബത്തിന്റെ നേർച്ചയാണ്. ഏതൊരു വിശ്വാസിയും ചെയ്യുന്നത് പോലെയാണ് ചെയ്തത്. കുറച്ചധികമായി ചെയ്തത്, അത് വികാരിയച്ഛനോട് പറഞ്ഞിട്ടുണ്ട്. പറഞ്ഞതിന് മേലെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നും മാതാവിനറിയാം. കേരളത്തിൽ മോദി സർക്കാരിന്റെ ഭരണം വേണമെന്ന് പറയുന്നതിന് തനിക്ക് ഒരു നൂറ് കാരണമെങ്കിലും പറയാനുണ്ട്. ബിജെപിക്കാരനല്ലാതെയും, കേരളത്തിലെ പൗരനെന്ന നിലയിലും മോദിയുടെ ഇടപെടൽ വേണമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടികൾക്ക് എന്ത് അധികാരമാണുള്ളതെന്നും സുരേഷ് ഗോപി ചോദിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ നടത്തിയ റോഡ് ഷോയോട് കൂടി തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ ഇലക്ഷന്‍ പ്രചാരണത്തിന് തുടക്കം കുറിച്ചു.
തൃശൂരിലെ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് കിരീടം സമര്‍പ്പിച്ചത് തന്‍റെ ആചാരത്തിന്‍റെ ഭാഗമാണെന്നും മാതാവത് സ്വീകരിക്കുമെന്നും ആയിരുന്നു ഇന്നലെ സുരേഷ് ഗോപി പ്രതികരിച്ചത്. താൻ കിരീടം നല്‍കിയത് വിശ്വാസികള്‍ക്ക് പ്രശ്നമില്ലെന്നും ആരാണ് വര്‍ഗീയത പറയുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. കഴിഞ്ഞ ജനുവരിയിലാണ് സുരേഷ് ഗോപി കുടുംബസമേതം എത്തി തൃശൂർ ലൂർദ് പള്ളി മാതാവിന് സ്വർണകിരീടം സമർപ്പിച്ചത്. ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വർണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നേർന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വർണകിരീടം സമർപ്പിക്കാൻ എത്തിയത്. ബിജെപി നേതാക്കളും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.