പ്രോട്ടീനുകളുടെ കലവറയാണ് കോഴിമുട്ട. കൂടാതെ വിറ്റാമിനുകളും ധാതുക്കളും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാത്സ്യം, സിങ്ക്, അയേണ്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ മുട്ട ദിവസവും കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്.ദിവസവും രണ്ട് പുഴുങ്ങിയ മുട്ട വീതം കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവ വിശപ്പിനെ നിയന്ത്രിക്കാനും വയര്‍ കുറയ്ക്കാനും സഹായിക്കും. മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്. അതിനാല്‍ കുട്ടികള്‍ക്ക് ദിവസവും മുട്ട കൊടുക്കുന്നത് നല്ലതാണ്.
രോഗ പ്രതിരോധശേഷി കൂട്ടാനും ദിവസവും മുട്ട കഴിക്കാം. മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. ഇവ കാത്സ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കും. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിന്‍ എയും സിങ്കും മറ്റും അടങ്ങിയ മുട്ട പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. സെലീനിയം അടങ്ങിയ മുട്ട കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
അതേസമയം അമിതമായാല്‍ ചിലര്‍ക്ക് ഇത് ദോഷം ചെയ്യുകയും ചെയ്യും. അമിതമായി, അതായത് രണ്ടില്‍ കൂടുതല്‍ മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോള്‍ ഉള്ളവരില്‍, ചിലപ്പോള്‍ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ചിലര്‍ക്ക് പുഴുങ്ങിയ മുട്ട കഴിക്കുന്നത് ചില അലര്‍ജികള്‍ക്കും ദഹന പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇത് എല്ലാവര്‍ക്കും ബാധകവുമല്ല.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.