ദില്ലി: ചെങ്കടലിലെ ഹൂതി ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോൺഫിഡൻസ് എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ നാല് കപ്പൽ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അതേസമയം, ആക്രമണത്തിൽ തീപിടിച്ച കപ്പലിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ചെങ്കടലിലെ ഹൂതി ആക്രമണത്തിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. കരീബിയൻ രാജ്യമായ ബാർബഡോസിന് വേണ്ടി സർവീസ് നടത്തുകയായിരുന്നു കപ്പൽ. അതിനിടയിലാണ് ആക്രമണം ഉണ്ടാവുന്നത്. ഹൂതി ആക്രമണത്തിൽ മൂന്ന് ക്രൂ അംഗങ്ങൾ കൊല്ലപ്പെടുകയും മൂന്ന് പേർ ഗുരുതരാവസ്ഥയിലാണെന്നും മിഡിൽ ഈസ്റ്റിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണങ്ങൾ ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തുകയും നാവികരുടെ ജീവനെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം സാമൂഹ്യമാധ്യങ്ങളിൽ കുറിച്ചു.
ഒരു ഇന്ത്യക്കാരനും നാല് വിയറ്റ്നാം പൗരൻമാരും 15 ഫിലിപ്പീൻ പൗരന്മാരും അടങ്ങുന്ന 20 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ആര് സുരക്ഷാ ജീവനക്കാരും കപ്പലിലുണ്ടായിരുന്നു. യെമൻ നഗരമായ ഏദനിൽ നിന്ന് 50 നോട്ടിക്കൽ മൈൽ (93 കിലോമീറ്റർ) തെക്ക് പടിഞ്ഞാറാണ് ആക്രമണം നടന്നതെന്ന് കപ്പലിൻ്റെ അധികൃതർ അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പ് ചരക്ക് കപ്പലിന് നേരെ ഹൂതി ആക്രമണം നടന്നിരുന്നു. ആക്രമണത്തിൽ കപ്പൽ ചെങ്കടലിൽ മുങ്ങിയെന്ന് യെമൻ സർക്കാർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇത് വലിയ പാരിസ്ഥിതിക ദുരന്തത്തിന് സാധ്യതയുണ്ടെക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ടൺ കണക്കിന് രാസവളം കൊണ്ടുപോവുകയായിരുന്ന കപ്പലാണ് മുങ്ങിയത്. നവംബറിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം തുടങ്ങിയ ശേഷം മുങ്ങുന്ന ആദ്യ കപ്പലാണ് ഇത്. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് ഹൂതി വിമതർ വാണിജ്യ കപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയത്. ഫെബ്രുവരി 18നാണ് റുബിമാർ എന്ന കപ്പൽ ആക്രമിക്കപ്പെട്ടത്.
ചെങ്കടലിനേയും ഗൾഫ് ഓഫ് ഈദനേയും ബന്ധിപ്പിക്കുന്ന ബാബ് എൽ മാൻദേബിൽ വച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. യെമനിലെ സർക്കാരും പ്രാദേശിക സൈന്യവും കപ്പൽ മുങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബെയ്റൂട്ടിൽ നിന്നായിരുന്നു ഈ കപ്പലിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. കാലാവസ്ഥ കൂടി പ്രതികൂലമായതിന് പിന്നാലെയാണ് റൂബിമാർ മുങ്ങിയതെന്നാണ് യെമൻ വിശദമാക്കിയത്. ആക്രമണത്തിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട കപ്പലിനെ ഒരു സുരക്ഷിത തുറമുഖത്തേക്ക് കെട്ടി വലിച്ച് എത്തിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് കപ്പൽ മുങ്ങിയതെന്നാണ് റിപ്പോർട്ട്.