കല്‍പ്പറ്റ: സംസ്ഥാന വ്യാപകമായി വിജിലന്‍സ് ആരംഭിച്ച ‘ഓപ്പറേഷന്‍ ഓവര്‍ലോഡില്‍’ കുടുങ്ങി വയനാട്ടിലെ ചരക്കുലോറികള്‍. ക്വാറി ഉല്‍പ്പന്നങ്ങളുമായി ചുരം കയറിയെത്തുന്ന കൂറ്റന്‍ ടിപ്പറുകളെയാണ് പരിശോധിച്ചത്. പരിശോധനയിൽ പതിനേഴ് വാഹനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഇവയിൽ നിന്നായി ഏഴ് ലക്ഷം രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. അമിതഭാരവുമായി സ്ഥിരം സര്‍വ്വീസ് നടത്തുന്ന ലോറികളെ കണ്ടെത്തി നടപടിയെടുക്കുന്നതിനാണ് ‘ഓപ്പറേഷന്‍ ഓവര്‍ലോഡ്’ ആരംഭിച്ചത്. ജില്ലയില്‍ സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി നഗര പ്രദേശങ്ങളിലാണ് പരിശോധന നടന്നത്.
ചരക്കുസേവന നികുതി അടക്കാതിരിക്കുക, ജിയോളജി അനുമതി പത്രം ഇല്ലാതെ ക്വാറി ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകല്‍ തുടങ്ങിയ നിയമലംഘനങ്ങളും ഇന്നലെ നടന്ന പരിശോധനയില്‍ കണ്ടെത്തി. അതേസമയം, പരിശോധന കര്‍ശനമായി തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍മാരായ എയു ജയപ്രകാശ്, ടി മനോഹരന്‍ എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട്, കണ്ണൂര്‍, കര്‍ണാടകയിലെ ചാമ് രാജ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വയനാട്ടിലേക്ക് പ്രധാനമായും ക്വാറി ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ടോറസ് ലോറികള്‍ അമിത ഭാരം കയറ്റി ചുരം കയറിയെത്തുന്നത് നേരത്തെ തന്നെ പരാതിക്കിടയാക്കിയിരുന്നു. താമരശ്ശേരി ചുരത്തില്‍ ചില നേരങ്ങളിലുണ്ടാകുന്ന രൂക്ഷമായ ഗതാഗത കുരുക്കിന്റെ പിന്നില്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ വഹിച്ചെത്തുന്ന കൂറ്റന്‍ ടോറസ് ലോറികളാണെന്നാണ് യാത്രക്കാരുടെ പരാതി. ചുരത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ടിപ്പര്‍ ലോറികളെ നിരോധിക്കണമെന്ന ആവശ്യവും നിലനില്‍ക്കുകയാണ്.