ദില്ലി: ട്രേഡ് മാർക്ക് ലംഘനം ആരോപിച്ച് ഗൂഗിളിനെതിരായ അവകാശവാദത്തിൽ ഓൺലൈൻ ട്രാവൽ കമ്പനിയായ മെയ്ക്ക് മൈ ട്രിപ്പിന് തിരിച്ചടി. കമ്പനിയുടെ അപ്പീൽ സുപ്രീം കോടതി നിരസിച്ചു. ഗൂഗിൾ സ്പോൺസർ ചെയ്‌ത ലിങ്കുകൾ വഴി തങ്ങളുടെ അവസരങ്ങൾ എതിരാളികളായ ബുക്കിംഗ് ഡോട്ട് കോം പ്രയോജനപ്പെടുത്തുന്നുവെന്ന് മെയ്ക്ക് മൈ ട്രിപ്പ് ആരോപിച്ചു.
മെയ്ക്ക് മൈ ട്രിപ്പിൻ്റെ വ്യാപാരമുദ്രയിൽ ബുക്കിംഗ് ഡോട്ട് കോം കടന്നുകയറുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അപ്പീൽ തള്ളിയത്. മെയ്ക്ക് മൈ ട്രിപ്പിൻ്റെ വെബ്‌സൈറ്റ് സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഉപയോക്താക്കൾ ബുക്കിംഗ് ഡോട്ട് കോമിൽ എത്താൻ സാധ്യതയില്ലാത്തതിനാൽ മെയ്ക്ക് മൈ ട്രിപ്പ് അവകാശപ്പെടുന്ന ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയില്ലെന്ന് കോടതി പറഞ്ഞു.മെയ്ക്ക് മൈ ട്രിപ്പിന് അനുകൂലമായ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് റദ്ദാക്കിയ ദില്ലി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ മെയ്ക്ക് മൈ ട്രിപ്പ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.1999ലെ ട്രേഡ് മാർക്ക് ആക്ട് പ്രകാരം, ഗൂഗിൾ ആഡ്സ് പ്രോഗ്രാമിൽ വ്യാപാരമുദ്രകൾ ഉപയോഗിക്കുന്നത് ലംഘനമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഉപയോക്താക്കൾ ഗൂഗിളിൽ തിരയുമ്പോൾ, ബുക്കിംഗ് ഡോട്ട് കോമിന്റെ ഒരു ചിത്രം മുകളിൽ കാണിക്കുന്നുണ്ടെന്ന് മെയ്ക്ക് മൈ ട്രിപ്പ് വാദിച്ചു. ഗൂഗിൾ ഇതിന് നിരക്ക് ഈടാക്കുന്നുവെന്നും, ഈ നിരക്കുകൾ നൽകുന്നതിലൂടെ ബുക്കിംഗ് ഡോട്ട് കോം മെയ്ക്ക് മൈ ട്രിപ്പിൻ്റെ വ്യാപാരമുദ്ര ഉപയോഗിച്ച് കൂടുതൽ പ്രാധാന്യം നേടുന്നുവെന്നും, അങ്ങനെ അതിൻ്റെ പ്രശസ്തിയിൽ നിന്ന് പ്രയോജനം നേടുമെന്നും മെയ്ക്ക് മൈ ട്രിപ്പ് വാദിച്ചു. എന്നാൽ ഗൂഗിൾ പരസ്യങ്ങൾ ലേലം ചെയ്തതിനാൽ ആശയക്കുഴപ്പമില്ലെന്നും മുൻഗണന നൽകിയിട്ടില്ലെന്നും ബുക്കിംഗ് ഡോട്ട് കോം വാദിച്ചു