ആലപ്പുഴ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ എൻഡിഎയുടെ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ആലപ്പുഴ മണ്ഡലത്തിൽ പ്രചാരണത്തിനെത്തി. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ശോഭ എവിടെയെന്ന ചോദ്യത്തിലായിരുന്നു മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍. നല്ല രാശിയുള്ള ദിവസം നോക്കിയിരിക്കുകയായിരുന്നു എന്നായിരുന്നു ശോഭയുടെ മറുപടി. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് അഞ്ച് ദിവസം പിന്നിട്ട ശേഷമാണ് ശോഭ മണ്ഡലത്തിൽ എത്തിയിട്ടുള്ളത്.ദില്ലിയില്‍ ആലപ്പുഴ ഉള്‍പ്പെട 12 മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്. പിറ്റേന്ന് മുതല്‍ തന്നെ എല്ലാ സ്ഥാനാർത്ഥികളും മണ്ഡലങ്ങളിലെത്തി തുടങ്ങി. പക്ഷേ ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനെ മാത്രം കാണാനില്ലാത്ത അവസ്ഥയായിരുന്നു. ബിജെപി നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിയെ തേടി അന്വേഷണവും തുടങ്ങി. ഒടുവിൽ ആകാംക്ഷകൾക്ക് വിരാമമിട്ട് ശോഭ ഇന്നെത്തുകയായിരുന്നു. അതേസമം, ബിജെപി ആലപ്പുഴയിൽ ചരിത്ര വിജയം നേടാൻ പോകുകയാണെന്ന് ശോഭ പറഞ്ഞു.
ഓരോ നേതാക്കന്മാരുടെയും പ്രവർത്തകരുടെയും മുഖത്ത് ആ ആത്മവിശ്വാസം പ്രകടമാണ്. കരിമണൽ കർത്തമാരുടെ മാസപ്പടി ലിസ്റ്റിൽ നിന്ന് ഒഴുകിയെത്തുന്ന പണത്തിനും, അധികാര ഹുങ്കിന്റെ മറവിൽ സിദ്ധാർഥന്മാർക്ക് നേരെ നടക്കുന്ന അക്രമത്തിനും തടുക്കാനാവാത്ത കോട്ടകെട്ടി ഈ നാട്ടിലെ ജനങ്ങൾ ഹരിത കുങ്കുമ പതാക അവരുടെ ഹൃദയത്തോട് ചേർത്ത് പിടിച്ചു കഴിഞ്ഞു.
രാഷ്ട്രീയ ഗുണ്ടകളുടെ അക്രമത്തിൽ സ്വന്തം മക്കളുടെ ചേതനയറ്റ ശരീരം കാണേണ്ടി വരുന്ന അമ്മമാർക്കും, പെൻഷൻ കിട്ടാത്ത വർദ്ധക്യങ്ങൾക്കും, കിട്ടേണ്ട അനുകൂല്യങ്ങൾ ചോദിച്ചു വാങ്ങാത്ത ജനപ്രതിനിധി ഉള്ളത് കൊണ്ട് മാത്രം വറുതിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്കുംമാറി മാറി വരുന്ന സർക്കാരുകളുടെ അടിസ്ഥാന വോട്ട് ബാങ്ക് പോലെ ഉറച്ചുനിന്നിട്ടും അവഗണന മാത്രം ലഭിക്കുന്ന പിന്നാക്ക വിഭാഗങ്ങൾക്കും ശബ്ദമുണ്ടാകാൻ പോകുന്ന തെരഞ്ഞെടുപ്പാണ് ഇത്. ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതിനിധി ജയിക്കുന്നു എന്നാൽ ആലപ്പുഴയിലെ അമ്മമാരും, കുഞ്ഞുങ്ങളും, മത്സ്യ തൊഴിലാളികളും, കർഷകരും, സാമൂഹ്യ നീതി നിഷേധിക്കപ്പെട്ടവരും ജയിക്കുന്നു എന്നാണ് അർത്ഥമെന്നും ശോഭ പറഞ്ഞു.