കൊച്ചി > വിദേശത്ത് മസാല ബോണ്ട് ഇറക്കിയതിൽ ഫെമ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി മുൻമന്ത്രി തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ചതിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് (ഇഡി) ഹൈക്കോടതി വിശദീകരണം തേടി. സമൻസ് നൽകാനുള്ള സാഹചര്യമെന്തെന്ന് ഹർജി വീണ്ടും പരിഗണിക്കുന്ന 18ന് അറിയിക്കണം. ഇഡിക്കുമുന്നിൽ ഹാജരാകണമോ വേണ്ടയോ എന്നതിൽ തോമസ് ഐസക്കിന് തീരുമാനമെടുക്കാമെന്നും അറസ്‌റ്റ് ചെയ്യില്ലെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട് ഇഡി നൽകിയ സമൻസ് ചോദ്യം ചെയ്‌ത് കിഫ്‌ബിയും തോമസ് ഐസക്കും നൽകിയ ഹർജിയാണ് പരിഗണിച്ചത്.
മസാല ബോണ്ട് ഇറക്കിയതിന്റെ വിവരങ്ങൾ ഇഡിക്ക് കിഫ്‌ബി കൈമാറിയിട്ടുണ്ടെന്നും അതിനുശേഷം 12ന് ഹാജരാകാൻ നിർദേശിച്ച് വീണ്ടും സമൻസ് അയച്ചതായും തോമസ് ഐസക്കിന്റെ അഭിഭാഷകൻ അറിയിച്ചു. കിഫ്ബിയാണ് വിവരങ്ങൾ നൽകേണ്ടതെന്ന് കോടതിയും നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ വ്യക്തിപരമായിരുന്നില്ല. ഇക്കാര്യത്തിൽ പ്രത്യേകമായി വിവരങ്ങൾ ലഭിക്കില്ലെന്നും സമൻസ് സ്‌റ്റേ ചെയ്യണമെന്നും തോമസ് ഐസക്കിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു.
എന്നാൽ, സമൻസ് അയക്കുന്നത് കോടതി തടഞ്ഞിട്ടില്ലെന്നായിരുന്നു ഇഡിയുടെ വാദം. കിഫ്ബി ഉദ്യോഗസ്ഥൻ നൽകിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സമൻസ് അയച്ചത്. പുതിയ സമൻസ് അയച്ച സാഹചര്യത്തിൽ തോമസ് ഐസക്കിന്റെ ഹർജി നിലനിൽക്കില്ലെന്നും ഇഡി വാദിച്ചു. കോടതി നിർദേശപ്രകാരം കിഫ്‌ബി ഉദ്യോഗസ്ഥർ ഇഡിക്കുമുന്നിൽ ഹാജരായതായി അഭിഭാഷകൻ അരവിന്ദ് ദത്താർ അറിയിച്ചു. കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി കിഫ്ബി സഹകരിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.