സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ പലയിടങ്ങളിലും തെങ്ങുകള്‍ക്ക് മഞ്ഞളിപ്പ് രോഗം പടരുന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്കക്ക്. മഞ്ഞളിപ്പ് രോഗത്തിന് പുറമെ കീടങ്ങളുടെ ആക്രമണം കൂടി വര്‍ധിച്ചതോടെ തെങ്ങുകള്‍ ഉണങ്ങി നശിക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴ പിലാക്കാവ് മേഖലയിലെ തെങ്ങുകളിലാണ് മഞ്ഞളിപ്പ് രോഗം വ്യാപകമായിരിക്കുന്നത്. പിലാക്കാവിലുള്ള ഊരാളിക്കോളനിയിലെ ഭൂരിഭാഗം തെങ്ങുകളിലും മഞ്ഞളിപ്പ് രോഗം ബാധിച്ചുകഴിഞ്ഞു.
തെങ്ങോലകളില്‍ മഞ്ഞനിറം ബാധിക്കുന്നതാണ് മഞ്ഞളിപ്പിന്റെ തുടക്കം. പിന്നീട് കൂമ്പടഞ്ഞു പോകുമെന്നും പതിയെ തെങ്ങ് ഉണങ്ങിപ്പോകുമെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. മഞ്ഞളിപ്പിന് പുറമെ തെങ്ങുകളില്‍ വെള്ളീച്ചയുടെ ശല്യവും രൂക്ഷമാണെന്ന് പറയുന്നു. ഇക്കാരണം കൊണ്ട് ഇളംഓലകള്‍ പോലും ഉണങ്ങിവീഴുകയാണ്. പ്രളയത്തിന് ശേഷം പലയിടത്തും കുരുമുളക് അടക്കമുള്ള വിളകളില്‍ മഞ്ഞളിപ്പ് രോഗം കണ്ടെത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തെങ്ങുകളിലേക്ക് ഈ രോഗമെത്തിയിരിക്കുന്നത്.
രോഗം ബാധിക്കുന്നതിന് മുമ്പായി കായ് ഫലം കുറഞ്ഞുതുടങ്ങി. അതേ സമയം തോട്ടത്തില്‍ ഒരു തെങ്ങിന് രോഗം ബാധിച്ചാലും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പേ മറ്റു തെങ്ങുകളിലേക്കും ഇവ അതിവേഗം വ്യാപിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. രോഗം വ്യാപകമായ പശ്ചാത്തലത്തില്‍ മണ്ണിന്റെ ധാതുലവണ, മൂലക ഘടന പരിശോധിക്കണമെന്ന ആവശ്യമുയരുകയാണ്. ഊരാളി കോളനി വനാതിര്‍ത്തിയില്‍ ആയതിനാല്‍ തന്നെ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിച്ചു വളര്‍ത്തിയ തെങ്ങുകളിലാണ് ഇപ്പോള്‍ രോഗബാധയുണ്ടായിരിക്കുന്നത്. പ്രശ്‌നത്തില്‍ കൃഷിവകുപ്പ് ഇടപെടുമെന്ന പ്രതീക്ഷയിലാണ് കോളനിവാസികള്‍.