തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി ആരായാലും പ്രശ്നമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ വിഎസ് സുനില്‍ കുമാര്‍. തൃശൂരിൽ മുരളിയേട്ടനായാലും പ്രതാപനായാലും രാഷ്ട്രീയ പോരാട്ടം തന്നെയാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി മാറിയതോടെ മണ്ഡലം കൂടുതല്‍ ശക്തമായ മത്സരത്തിലേക്ക് കടക്കുമെന്ന സൂചനകള്‍ക്കിടെയാണ് സുനില്‍ കുമാറിന്‍റെ പ്രതികരണം. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയതാണ് തൃശൂരില്‍ അപ്രതീക്ഷിത രാഷ്ട്രീയ ചലനങ്ങള്‍ക്ക് കാരണമായത്.
തൃശൂരില്‍ ഏത് സ്ഥാനാര്‍ത്ഥി വന്നാലും അത് രാഷ്ട്രീയ പോരാട്ടമാണ്. അതില്‍ ആശങ്കയില്ല. പത്മജയുടെ ബിജെപി പ്രവേശനവുമായി ഇതിന് ബന്ധമുണ്ടോയെന്നറിയില്ല. ഇതവരുടെ ആഭ്യന്തര കാര്യമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏത് സ്ഥാനാര്‍ത്ഥിയായാലും അത് വിലയിരുത്തേണ്ട കാര്യമില്ല. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ജയം മാത്രമാണ് ലക്ഷ്യം. ഏത് എതിരാളിയായാലും ബഹുമാനമുണ്ട്. മുരളിയായാലും പ്രതാപനായാലും പ്രശ്നമുള്ളയാളുകളല്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.