ബെംഗളൂരു: ശക്തമായ എല്‍നിനോ പ്രതിഭാസത്തിലൂടെ കടന്ന് പോകുകയാണ് ദക്ഷിണേന്ത്യ. ഇതിന്‍റെ ഏറ്റവും മോശമായ അവസ്ഥ സംജാതമായത് ബെംഗളൂരു നഗരത്തിലാണ്. നഗരത്തിലെ ഏതാണ്ട് 3,000 ത്തില്‍ അധികം കുഴല്‍കിണറുകള്‍ വറ്റിക്കഴിഞ്ഞെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ബെംഗളൂരു നഗരത്തിലെ സ്കൂളുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും ജലക്ഷാമത്തെ തുടര്‍ന്ന പൂട്ടിത്തുടങ്ങി. നഗരത്തിലും നഗരപ്രാന്തത്തിലുമുള്ള ഹോസ്റ്റല്‍ സൌകര്യത്തോട് കൂടിയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശക്തമായ ജലദൌലഭ്യത്താല്‍ പൂട്ടിത്തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെള്ളമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടുമ്പോള്‍ ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനുകളിലേക്ക് മാറുകയാണ്. ബെംഗളൂരു അർബൻ ജില്ലയിലെ എല്ലാ താലൂക്കുകളും വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചു. നഗരത്തിലെ പല സ്കൂളുകളുടെ ഗേറ്റുകളും അടഞ്ഞ നിലയിലാണ്. ജലക്ഷാമം രൂക്ഷമായതിന് പിന്നാലെ ടാങ്കര്‍ ലോറി വഴിയുള്ള ജലവിതരണം വലിയ പ്രതിസന്ധിയിലേക്ക് കടന്നു. പലയിടത്തും ടാങ്കര്‍ ജലം പോലും കിട്ടാത്ത അവസ്ഥയാണ്. മറ്റിടങ്ങളില്‍ ഇരട്ടിയിലേറെ വില കുടിവെള്ളത്തിന് ഈടാക്കുന്നുവെന്ന പരാതിയും ഉയരുന്നു. ജലക്ഷാമം രൂക്ഷമായതിന് പിന്നാലെ സര്‍ക്കാര്‍ ഹെല്പ് ലൈന്‍ ആരംഭിച്ചു. പിന്നാലെ പരാതി പ്രവാഹമായിരുന്നു.
നഗരത്തില്‍ ടാങ്കര്‍ ലോറിയിലെ വെള്ളത്തിന് 600 – 1200 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥന വില. എന്നാല്‍ ഇതിന്‍റെ രണ്ടും മൂന്നും ഇരട്ടി തുകയാണ് ടാങ്കര്‍ലോറിക്കാര്‍ ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കരാർ അടിസ്ഥാനത്തിൽ നഗരത്തില്‍ 200 സ്വകാര്യ ടാങ്കറുകൾക്ക് നാലു മാസത്തേക്ക് ജല നിരക്ക് നിശ്ചയിച്ചാണ് ഇപ്പോള്‍ ഓടിക്കുന്നത്. 5 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 6,000 ലിറ്റർ വെള്ളമെത്തിക്കാന്‍ വാട്ടർ ടാങ്കറിന് 600 രൂപ നല്‍കണം. 8,000 ലിറ്ററിന് 700 രൂപ, 12,000 ലിറ്ററിന് 1,00 രൂപ എന്നിങ്ങനെയാണ് നിരക്ക്. 5 മുതല്‍ 10 കിലോമീറ്റര്‍ ദൂരമാണെങ്കില്‍ 6,000 ലിറ്ററിന് 750 രൂപയും. 8,000 ലിറ്ററിന് 850, രൂപയും 12,000 ലിറ്ററിന് 1,200 രൂപയും നല്‍കണം. നിരക്കുകളില്‍ ജിഎസ്ടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ ദയാനന്ദ കെ എയുടെ സർക്കുലറില്‍ പറയുന്നു.