തിരുവനന്തപുരം: സംസ്ഥാനം അധികമായി ചോദിച്ച തുക നൽകാനാവില്ലെന്ന് കേന്ദ്രം. കടമെടുപ്പ് പരിധി ഉയർത്തില്ലെന്ന് കേന്ദ്രം അറിയിച്ചതായി ചീഫ് സെക്രട്ടറി വി വേണു. 15,000 കോടി കൂടി കടമെടുക്കണം എന്ന കേരളത്തിന്റെ നിർദ്ദേശത്തിൽ ഉടൻ ചർച്ച നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചിരിന്നു. അധിക തുക അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്രം യോജിച്ചില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. വായ്പാ പരിധി വെട്ടിക്കുറച്ചത് അടക്കം കേന്ദ്ര അവഗണനക്ക് എതിരായി കേരളം നൽകിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
കേരളത്തിന് 13608 കോടി രൂപ കൂടി വായ്പ എടുക്കാനുള്ള അനുമതി നല്‍കാമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം സമ്മതിച്ചിരുന്നു. കേരളത്തിന്‍റെ ഹർജി പിൻവലിച്ചാലേ അനുമതി നല്‍കാനാകൂ എന്ന മുൻ നിലപാട് കോടതി നിർദ്ദേശത്തെ തുടർന്ന് കേന്ദ്രം കഴിഞ്ഞ ദിവസം തിരുത്തി. 15,000 കോടി കൂടി കടമെടുക്കണം എന്ന കേരളത്തിന്റെ നിർദ്ദേശത്തിൽ ഉടൻ ചർച്ച നടത്താൻ സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് ചർച്ച നടന്നത്.
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും ശമ്പളവും പെൻഷനും നൽകാൻ പോലും സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്നുമാണ് കേരളം സുപ്രീം കോടതിയിൽ നൽകിയ ഹര്‍ജിയിൽ ആരോപിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ കൗശലമാണ് പ്രയോഗിക്കുന്നത്. പൊതുകടത്തിന്റെ അറുപത് ശതമാനം കേന്ദ്രത്തിന്റേതാണ്. 26000 കോടി രൂപ കടമെടുക്കാൻ അടിയന്തര അനുവാദം വേണം. സംസ്ഥാനത്തിന്റെ അവകാശത്തിന് മേലുള്ള കടന്നുക്കയറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. കേന്ദ്ര വിഹിതം സംസ്ഥാനത്തിന്റെ അവകാശമാണെന്നും സുപ്രീം കോടതിയിൽ സംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജിയിൽ പറയുന്നുണ്ട്.
കേരളത്തിന്‍റെ ഹർജി നിലനിൽക്കുന്നതല്ലെന്നാണ് വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കേരളത്തിൽ മോശം ധനകാര്യനിർവഹണമാണ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പ്രശ്നങ്ങൾ കേരളം ഉന്നയിക്കുന്നു. അടിയന്തര കടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ല. സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനമാണ് കേരളം. നികുതി വരുമാനത്തെക്കാൾ കേരളത്തിൽ കടം കൂടുന്നു. പതിനഞ്ചാം ധനകാര്യകമ്മീഷൻ ഇത് വ്യക്തമാക്കുന്നുണ്ട്. കേരളത്തിന് വിവേകപൂർണ്ണമായ ധനനിർഹണമില്ല. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ലോണിൽ കേരളം വീഴ്ച്ചവരുത്തി. കിഫ്ബിയുടെ കടം സംസ്ഥാനത്തിന് ബാധ്യതയാണ്. കടമെടുപ്പിന് വീണ്ടും അനുമതി നൽകിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.