ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, പാർട്ടി അക്കൗണ്ടുകൾക്കെതിരായ ആദായ നികുതി വകുപ്പിന്‍റെ നടപടി തടയണമെന്ന കോൺഗ്രസിന്‍റെ ആവശ്യം തള്ളി. ആദായനികുതി വകുപ്പ് അപ്പലറ്റ് ട്രിബ്യൂണലാണ് (ഐ.ടി.എ.ടി) കോൺഗ്രസിന്‍റെ ആവശ്യം തള്ളിയത്. നടപടിയിൽ കോൺഗ്രസ് ഡൽഹി ഹൈകോടതിയെ സമീപിക്കും.
കോൺഗ്രസിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും ക്രൗഡ് ഫണ്ടിങ്ങിലൂടെ പിരിച്ച തുകയടക്കമുള്ള ഒമ്പത് അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. പിന്നാലെ പാർട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അപ്പലറ്റ് ട്രിബ്യൂണൽ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചിരുന്നു. ഉത്തരവ് പത്ത് ദിവസത്തേക്ക് നടപ്പാക്കരുതെന്ന് കോൺഗ്രസ് അഭിഭാഷകൻ വിവേക് തങ്ക ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടു.
ആദായ നികുതി കുടിശ്ശികയുടെ ഭാഗമായി 210 കോടി അടക്കാന്‍ ആദായനികുതി വകുപ്പ് കോൺഗ്രസിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ തുടര്‍നടപടിയായാണ് ഒമ്പതു അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. 115 കോടി രൂപ അക്കൗണ്ടിൽ നിലനിർത്തണമെന്ന നിബന്ധനയോടെയാണ് അക്കൗണ്ടുകൾ ട്രിബ്യൂണൽ പുനഃസ്ഥാപിച്ചത്.