ജീവിതത്തിൽ എന്തെങ്കിലും നേടണമെന്ന ആഗ്രഹം നിങ്ങൾക്കുണ്ടാവുകയും അതിനായി ശരിയായ ദിശയിൽ കഠിനമായി പ്രയത്നിക്കുകയും ചെയ്താൽ, തീർച്ചയായും ലക്ഷ്യത്തിലെത്താൻ സാധിക്കും എന്ന് പറയാറില്ലേ… എന്നാൽ അത് ജീവിത്തിൽ പ്രാവര്‍ത്തികമാക്കിയ ഒരാളാണ് ഇഷികാ ജാ. ബിഹാറിലെ ഭഗൽപൂരിൽ നിന്നുള്ള ഐടി വിദഗ്ധയാണ് ഇഷിക. ഭഗൽപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ (ഐഐഐടി) മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിനിയായ ഇഷിക, തന്റെ കാമ്പസ് പ്ലേസ്‌മെന്റിൽ നിന്ന് നേടിയത് പ്രതിവര്‍ഷം 83 ലക്ഷം രൂപ ശമ്പളമുള്ള അവിശ്വസനീയമായ ജോലിയാണ്.
ചെറുപ്പം മുതലേ കമ്പ്യൂട്ടറുകളോടും അതിന്റെ സാങ്കേതികതകളോടും ഇഷ്ടമുള്ളയാളായിരുന്നു ഇഷിക. ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഈ പെൺകുട്ടി, അങ്ങനെ ചെറുപ്പത്തിൽ തന്നെ കോഡിംഗും പഠിച്ചിരുന്നു. അന്നുമുതൽ തുടങ്ങിയ, അവളുടെ അർപ്പണബോധവും കഠിനാധ്വാനവും ഇപ്പോൾ ഫലം കാണ്ടിരിക്കുന്നു. ഐഐഐടി-ഭഗൽപൂരിലെ 2020-24 സെഷനിലെ ബിടെക് വിദ്യാർത്ഥികൾക്കുള്ള കാമ്പസ് പ്ലേസ്‌മെന്റ് ഇതുവരെ പൂർത്തിയായിട്ടില്ല. എന്നാൽ 83 ലക്ഷം ശമ്പളമുള്ള ജോലി ഓഫര്‍ നേടി കോളേജിന്റെ ചരിത്രത്തിൽ ഇതുവരെ ഉള്ള റെക്കോര്‍ഡുകളെല്ലാം തകര്‍ത്തിരിക്കുകയാണ് ഇഷിക.
ഗൂഗിൾ ഹാക്കത്തോണിന്റെ അവസാന റൗണ്ട്, യഥാർത്ഥത്തിൽ ഒരു ഐഡിയാത്തോണായിരുന്നു എന്ന് ഇഷിക പറയുന്നു. ഒരു പ്രൊജക്ട് ചെയ്യാൻ തനിക്ക് നൽകിയ വിഷയം പരിസ്ഥിതി ആയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗ് അൽഗോരിതങ്ങളും ഉപയോഗിച്ച് കാട്ടുതീ പ്രവചിക്കാൻ സാധിക്കുന്ന ഒരു പ്രൊജക്ടാണ് ഞാൻ സമര്‍പ്പിച്ചത്. അതാണ് വിജയത്തിലേക്ക് നയിച്ചതെന്നും ഇഷിക പറഞ്ഞു. ഈ പ്രൊജക്ടിൽ തനിക്ക് മികച്ച മാര്‍ക്കും ഒപ്പം അപേക്ഷകരിലെ മികച്ച 2.5 ശതമാനം പേരിൽ ഇടം നേടാനും കഴിഞ്ഞുവെന്നും അവൾ കൂട്ടിച്ചേര്‍ത്തു.
ഗൂഗിൾ ഹാക്കത്തോണിലെ തന്റെ വിജയത്തിന് ക്രെഡിറ്റ് സീനിയേഴ്സിനാണെന്ന് അവൾ പറയുന്നു. മോക്ക് ഇന്റർവ്യൂ നടത്തി അവർ തന്നെ സഹായിച്ചിരുന്നു. തന്റെ സാങ്കേതിക വൈദഗ്ധ്യമല്ല, ലോകത്തെ യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള തന്റെ അഭിനിവേശമാണ് മറ്റുള്ളവരിൽ നിന്ന് തന്റെ പ്രൊജക്ട് വ്യത്യസ്തമാക്കിയത്. അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടും അറിവും കൂട്ടിച്ചേര്‍ത്താൽ ഏത് മേഖലയിലായാലും അത് വിജയത്തിലെത്തുമെന്ന് ഇഷിക പറയുന്നു. ഇത് തന്നെയാണ് എന്റെ വിജയ മന്ത്രമെന്നും അവൾ പറഞ്ഞു.
ശരിയായ ദിശയിൽ കഠിനാധ്വാനം ചെയ്യുക മാത്രമല്ല, വ്യത്യസ്തമായ തുറന്ന ചിന്തയുമാണ് വിദ്യാർത്ഥിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുകയും വിജയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതെന്ന് ഭഗൽപൂർ ഐഐഐടി ആക്ടിംഗ് ഡയറക്ടർ പ്രൊഫസർ പ്രദീപ് കുമാർ ജെയിൻ പറഞ്ഞു.