ദില്ലി : നന്ദിപ്രമേയ ചര്‍ച്ചയില്‍ ഇന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കും. ഇന്നലെ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ച നരേന്ദ്രമോദി ഇന്ന് രാജ്യസഭയിലും അത് തുടരുമെന്നാണ് വിലയിരുത്തലുകള്‍. കൊവിഡ് കാലത്ത് കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിച്ചതെന്ന് മോദി ലോക്‌സഭയില്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോഴും ചിലര്‍ 2014ല്‍ കുരുങ്ങി കിടക്കുകയാണ്. ശക്തികേന്ദ്രങ്ങള്‍ തള്ളിക്കളഞ്ഞത് കോണ്‍ഗ്രസ് മനസിലാക്കുന്നില്ല. പാര്‍ലമെന്റിനെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുകയാണ്. സാധാരണക്കാരുമായി ഒരു ബന്ധവും കോണ്‍ഗ്രസിന് ഇല്ലെന്നും മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയ അന്ധതയില്‍ മര്യാദകള്‍ മറന്നു. കോണ്‍ഗ്രസ് ജനാധിപത്യത്തെ അപമാനിക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യം കൊവിഡിനെതിരെ പോരാടുന്നു. 80% പേരും പൂര്‍ണ്ണ വാക്‌സിനേറ്റ് ചെയ്യപ്പെട്ടു. അത് വലിയ നേട്ടമാണ്. എന്നാല്‍, കൊവിഡിനെ പോലും കോണ്‍ഗ്രസ് രാഷ്ട്രീയവത്ക്കരിക്കാനാണ് നോക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നന്ദിപ്രമേയത്തിന് മറുപടി പറയുമ്പോഴും രാഹുല്‍ ഗാന്ധി സഭയിലില്ലെന്നും മോദി കുറ്റപ്പെടുത്തി. എന്തുകൊണ്ട് ജനം തള്ളിക്കളയുന്നുവെന്ന് ആത്മപരിശോധന നടത്തണം. നിങ്ങളുടെ ധിക്കാരം കാരണമെന്ന് മുമ്പോട്ട് പോകാന്‍ കഴിയാത്തത്. സാധാരണക്കാരുമായി ഒരു ബന്ധവും ഈ പാര്‍ട്ടിക്ക് ഇല്ലാതായിരിക്കുന്നു. തെരഞ്ഞെടുപ്പ് എന്ന കുറുക്ക് വഴിമാത്രമല്ല നോക്കേണ്ടതെന്നും മോദി പറഞ്ഞു. രാഷ്ട്രീയാന്ധതയില്‍ കോണ്‍ഗ്രസ് മര്യാദകള്‍ മറന്നു. ജനാധിപത്യത്തെ അപമാനിക്കുന്നു. ഉത്തര്‍പ്രദേശില്‍ കൊവിഡ് പടര്‍ത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. അതിഥി തൊഴിലാളികളെ ദുരിതത്തിലേക്ക് തളളി വിട്ടു. ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിച്ചത്. രാഷ്ട്ര വികസനത്തില്‍ ഗാന്ധിയുടെ സ്വപ്നങ്ങളെയാണ് തകര്‍ക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് വിചാരിച്ചത് കൊവിഡിലൂടെ തന്നെ അപമാനിക്കാമെന്നാണ്. കൊവിഡില്‍ പ്രതിച്ഛായ ഇടിയുമെന്നും കരുതി. അടുത്ത നൂറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് ഭരണം ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് പ്രതീക്ഷയുമില്ല. ഈ ഭരണത്തില്‍ കര്‍ഷകരുടെ നിലവാരം ഉയര്‍ന്നു. ഉത്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയായി. സ്വയം പര്യാപ്തരാവുകയാണ് കര്‍ഷകര്‍. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയേയും കോണ്‍ഗ്രസ് എതിര്‍ക്കുന്നുവെന്നും പ്രധാമന്ത്രി കുറ്റപ്പെടുത്തി. കൊറോണയ്ക്ക് പിന്നാലെ പുതിയ ലോകക്രമം രൂപപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. കൊവിഡ് നിയന്ത്രണത്തില്‍ ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി. ആഗോളതലത്തില്‍ കൊവിഡിന് ശേഷം പുതിയ നേതൃതലത്തിലേക്ക് ഇന്ത്യ എത്തി. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു. പാവങ്ങള്‍ ബിജെപി ഭരണത്തില്‍ ലക്ഷാധിപതികളാകുന്നെന്നും മോദി പറഞ്ഞു. ലത മങ്കേഷ്‌ക്കര്‍ രാജ്യത്തിന് എന്നും പ്രചോദനമാണെന്നും മോദി അനുസ്മരിച്ചു.
കൊവിഡ് കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഗുണം ചെയ്തു. കര്‍ഷകരുടെ എല്ലാ ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുത്തു. ഒരു കര്‍ഷകനെ പോലും ദുരിതത്തിലേക്ക് തളളി വിട്ടില്ല. കൊട്ടാരങ്ങളില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ഷകരുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞില്ല. ചെറിയ കര്‍ഷകനെ പോലും ശാക്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കളില്‍ പലരും കൊളോണിയല്‍ മനോഭാവത്തില്‍ കഴിയുകയാണെന്നും മോദി വിമര്‍ശിച്ചു.
വ്യവസായികളെ കൊവിഡ് വകഭേദങ്ങളെന്ന് വിളിച്ച് രാഹുല്‍ അപമാനിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി മുന്‍കാല അഴിമതിയുടെ വേരറുത്തു. സാമ്പത്തിക പരിഷ്‌ക്കാരങ്ങളെ പരിഹസിച്ച് പി ചിദംബരം വലിയ ലേഖനങ്ങള്‍ എഴുതി. വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞിരുന്നോ എന്നും മോദി ചോദിച്ചു. ചിദംബരം സാധാരണക്കാരനെയാണ് പരിഹസിക്കുന്നത്. ഉത്തരവാദിത്തബോധത്തോടെ രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം ഈ സര്‍ക്കാരുണ്ട്. രാജ്യം ദുരിതം അനുഭവിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്താണ്. ദാരിദ്യ നിര്‍മ്മാര്‍ജ്ജനമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. എന്നാല്‍ ദാരിദ്യം മാറിയില്ല. ഒടുവില്‍ 44 സീറ്റിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങിയിരിക്കുന്നു. ദരിദ്രമായത് കോണ്‍ഗ്രസാണ്. പാവപ്പെട്ടവര്‍ കോണ്‍ഗ്രസിനെ തുടച്ച് നീക്കി. ദരിദ്ര ജന വിഭാഗത്തേയും കോണ്‍ഗ്രസ് രാഷ്ടീയ നേട്ടത്തിന് ഉപയോഗിച്ചു. പാവപ്പെട്ടവരെ ഇനിയും വിഡ്ഢികളാക്കാമെന്ന് കരുതരുതെന്നും മോദി പറഞ്ഞു.