ഗാസ: ഗാസയിൽ ആകാശമാർഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. വിമാനത്തിൽ നിന്ന് വിതരണം ചെയ്ത വലിയ പെട്ടികൾ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണം. സഹായം കാത്ത് താഴെ നിന്നവർക്ക് മേലാണ് ഇത് പതിച്ചത്. ഏത് രാജ്യം ആഹാര സാധാനങ്ങൾ വിതരണം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത് എന്ന് വ്യക്തമല്ല. അമേരിക്കയും ജോർദനും ഈജിപ്തും ഫ്രാൻസും നെതർലാൻഡും ബെൽജിയവും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഗാസയിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം 9.30ഓടെയാണ് അപകടമുണ്ടായത്.
ഗാസയിലേക്ക് അവശ്യവസ്തുക്കൾ കടൽ മാർഗം എത്തിക്കാനുള്ള ഇടനാഴി നാളെയോടെ പ്രവർത്തന സജ്ജമാകുമെന്ന് യൂറോപ്യൻ കമ്മീഷൻ അറിയിച്ചിട്ടുള്ളത്. റോഡ് മാർഗമുള്ള സഹായ വിതരണം ഇസ്രായേൽ വൈകിപ്പിക്കുന്ന സാഹചര്യത്തിൽ, രാജ്യങ്ങൾ ഭക്ഷണം വിമാനം വഴി എത്തിച്ചുകൊടുത്തിരുന്നു. എന്നാൽ ഇതും കാര്യക്ഷമമല്ലാത്ത സാഹചര്യത്തിൽ ഗാസയിൽ താൽക്കാലിക തുറമുഖം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. കപ്പൽ വഴി ഭക്ഷണം അടക്കം എത്തിക്കും. എന്നാൽ അമേരിക്കൻ പട്ടാളക്കാർ ഗാസയിൽ ഇറങ്ങില്ല.
നേരത്തെ നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോയാൽ ഗാസയിലെ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ താൽക്കാലിക തുറമുഖം പ്രവർത്തന ക്ഷമമാകാൻ ആഴ്ചകൾ എടുത്തേക്കും. സൈപ്രസിലേക്കാകും അമേരിക്കൻ കപ്പലുകൾ എത്തുക. ഭക്ഷണം, വെള്ളം എന്നിവ കൂടാതെ താൽക്കാലിക പാർപ്പിട സൗകര്യങ്ങളും എത്തിക്കും. യുഎന്നിന്റെ സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ് അമേരിക്കയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.