റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കൈമാറ്റം ചെയ്യുന്നതിനോ തൊഴിലിൽ നിയമിക്കുകയോ അവർക്ക് അഭയം നൽകുകയോ ചെയ്യുന്നവർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി അധികൃതർ. നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ചതായി മന്ത്രലായം പ്രസ്‌താവനയിൽ വ്യക്തമാക്കി. രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് കഴിയുന്ന തൊഴിലാളികളെ സ്ഥാപനങ്ങളോ വ്യക്തികളോ ജോലിക്ക് വെച്ചാൽ ഒരു ലക്ഷം റിയാൽ പിഴയും ആറു മാസം തടവുമാണ് ശിക്ഷ. പബ്ലിക് സെക്യൂരിറ്റി ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വിശദീകരിച്ചത്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും വ്യക്തികളെ കൊണ്ടുപോകുകയോ ജോലിക്കെടുക്കുകയോ ചെയ്യുകയോ അവരെ മറച്ചുവെക്കുകയോ അവർക്ക് അഭയം നൽകുകയോ എന്തെങ്കിലും സഹായം നൽകുകയോ ചെയ്താൽ പിഴ ഈടാക്കും.
വിദേശിയാണ് നിയമലംഘനം നടത്തിയതെങ്കിൽ നാടുകടത്തൽ കൂടി ശിക്ഷ നടപ്പാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.