ന്യൂഡൽഹി: ആരെ എവിടെ മത്സരിപ്പിക്കണമെന്നത് അതത് പാർട്ടിയുടെ തീരുമാനം ആണെങ്കിലും ഇൻഡ്യ മുന്നണി നേതാവായ രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന മണ്ഡലത്തിലാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ. സി.പി.ഐ സ്ഥാനാർഥി മത്സരിക്കുന്ന വയനാട്ടിൽ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡി.രാജയുടെ വിമർശനം.
തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും പ്രഥമ ലക്ഷ്യം വെക്കുന്നത് ബി.ജെ.പിയെ ആണോ അതോ ഇടതുപക്ഷത്തെയാണോ എന്ന് ഗൗരവമായി ആത്മപരിശോധന നടത്തണം. കേരളത്തിൽ ഇടതു മുന്നണി സി.പി.ഐക്ക് അനുവദിച്ച നാല് സീറ്റിൽ ഒന്നാണ് വയനാട്. അതുകൊണ്ട് പാർട്ടി അവിടെ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. എന്നാൽ, രാഹുൽ ദേശീയ നേതാവും കോൺഗ്രസ് മുൻ അധ്യക്ഷനുമാണ്. അദ്ദേഹത്തിന്റെ നിലവെച്ച് ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മറ്റൊരു മണ്ഡലത്തിൽ നിന്നാണ് മത്സരിക്കേണ്ടത് -അദ്ദേഹം പറഞ്ഞു.രാഹുൽ ഭാരത് ജോഡോ യാത്ര സംഘടിപ്പിപ്പോൾ ഞങ്ങൾ എല്ലാവരും അതിനെ സ്വാഗതം ചെയ്തു. ബി.ജെ.പി-ആർ.എസ്.എസ് ആശയങ്ങൾ അനൈക്യത്തിനും സമൂഹത്തിലെ ഭിന്നതകൾക്കും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇപ്പോൾ അദ്ദേഹം ന്യായ് യാത്ര നടത്തി. എന്നാൽ, വയനാട്ടിൽ നിന്ന് മത്സരിക്കുമ്പോൾ അദ്ദേഹം ജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും ഡി.രാജ ചോദിച്ചു.
സീറ്റ് വിഭജനത്തിൽ ഇന്ത്യൻ മുന്നണിയിൽ പ്രശ്‌നങ്ങളുണ്ട്. ഓരോ പാർട്ടിക്കും അവരുടേതായ താൽപര്യം ഉണ്ടാകും. അത് സംസാരിക്കുകയും പരിഹരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.