ദുബായ് : വികസനകാര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം സര്‍ക്കാരിനൊപ്പമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. രാഷ്ട്രീയ വിയോജിപ്പുകള്‍ മാത്രമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. വ്യവസായം തുടങ്ങാന്‍ എത്തുന്നവരെ സര്‍ക്കാര്‍ സംശയത്തോടെ കാണുന്നതിന് പകരം വിശ്വാസത്തോടെ കാണുന്ന രീതിയിലേക്ക് മാറിയെന്നും മന്ത്രി ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുബായ് എക്‌സ്‌പോയിലെ കേരളാ വീക്കിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യസംസ്‌കരണം, ലോജിസ്റ്റിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ യുഎഇയില്‍ നിന്നുള്ള നിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ട്രാന്‍സ് വേള്‍ഡ് കേരളത്തില്‍ കണ്ടെയിനര്‍ നിര്‍മ്മാണശാല തുടങ്ങാനും, ആസ്റ്റര്‍ ഗ്രൂപ്പ് തിരുവനന്തപുരത്തും കാസര്‍കോടും സ്ഥാപനങ്ങള്‍ തുടങ്ങാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് ഭക്ഷ്യസംസ്‌കരണരംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തും.
ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്ന ചുമതല കെഎസ്‌ഐഡിസിയെ ഏല്‍പ്പിച്ചതായും മന്ത്രി അറിയിച്ചു. പണിമുടക്ക് മൂലം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുന്ന പ്രവണത കേരളത്തില്‍ കൂറയുകയാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ വരുന്ന പരാതികള്‍ പരിഹിക്കാനും സംവിധാനങ്ങള്‍ ശക്തമാക്കി. കൂടുതല്‍ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്ന പഞ്ചായത്തുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, എം ഡി എം ജി രാജമാണിക്യം, ഡോ കെ ഇളങ്കോവന്‍, എസ് ഹരികിഷോര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.