പറവൂർ: വര്‍ക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജ് ദുരന്തത്തില്‍ ടൂറിസം മന്ത്രി മറുപടി പറഞ്ഞേ മതിയാകൂയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വര്‍ക്കലയില്‍ ഡിസംബര്‍ 25-ന് ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്ത ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു വീണ് 20 പേര്‍ക്കാണ് പരുക്കേറ്റത്.
100 മീറ്റര്‍ കടലിലേക്ക് പാലം പണിയാന്‍ എന്ത് പഠനമാണ് നടത്തിയത്? എന്തു സുരക്ഷയാണ് പാലത്തിന് ഉണ്ടായിരുന്നത്? ഏത് കമ്പനിയാണ് പാലം പണിഞ്ഞത്? പാലത്തിന്റെ സുരക്ഷ ഏത് ഏജന്‍സിയാണ് പരിശോധിച്ചത്? എന്ത് മാനദണ്ഡങ്ങള്‍ മറികടന്നാണ് ഈ കമ്പനിക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയത്? പാലാരിവട്ടം പാലത്തിന്റെ പേരില്‍ ബഹളമുണ്ടാക്കിയവര്‍ ഉത്തരം പറഞ്ഞേ മതിയാകൂ.ചാവക്കാട് ഒരു പാലം തകര്‍ന്നതിന് പിന്നാലെയാണ് വര്‍ക്കലയിലേയും പാലം തകര്‍ന്നത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പോലുമാകാത്ത പാലം തകര്‍ന്നതിനെ കുറിച്ച് ടൂറിസം മന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ഇല്ലെങ്കില്‍ സമരപരിപാടികളിലേക്കും നിയമനടപടികളിലേക്കും നീങ്ങും. മാനദണ്ഡങ്ങള്‍ മറികടന്ന് ധാരളം വര്‍ക്കുകള്‍ ടൂറിസം വകുപ്പില്‍ നടക്കുന്നുണ്ട്. അതേക്കുറിച്ചും പ്രതിപക്ഷം പരിശോധിച്ച് വരികയാണെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.