ന്യൂഡൽഹി: ഡൽഹി വാട്ടർ അതോറിറ്റി പ്ലാന്റിന്റെ 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി. വൈകീട്ട് മൂന്നോടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനെത്തിയ മന്ത്രി അതിഷി അറിയിച്ചു. നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റെയും ഡൽഹി ഫയർ സർവിസസിന്റെയും നേതൃത്വത്തിൽ കുഴൽക്കിണറിന് സമീപത്ത് മറ്റൊരു കുഴിയുണ്ടാക്കി രക്ഷിക്കാൻ തീവ്ര ശ്രമം നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാൾ ഏകദേശം 30 വയസ്സുള്ള പുരുഷനാണെന്നും ഇയാൾ എങ്ങനെയാണ് കുഴൽക്കിണർ മുറിയിൽ എത്തിയതെന്നും ഇതിൽ വീണതെന്നും പൊലീസ് അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ 1.15ഓടെയാണ് കേശപൂർ മന്ദി ഭാഗത്ത് ഒരാൾ കുഴൽക്കിണറിൽ വീണതായി ഡൽഹി ഫയർ ഫോഴ്സിന് വിവരം ലഭിച്ചത്. ഉടൻ അഞ്ച് യൂനിറ്റ് അഗ്നിശമനസേനാംഗങ്ങൾ സംഭവസ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന്, നഗരത്തിലെ ഉപയോഗശൂന്യമായ എല്ലാ കുഴൽ കിണറുകളും 48 മണിക്കൂറിനകം മൂടാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉത്തരവിട്ടു.