ഹൈദരാബാദ്: തെലങ്കാനയിലെ നാല് ബി.ആർ.എസ് നേതാക്കളും മുൻ കോൺഗ്രസ് നേതാവും ബി.ജെ.പിയിൽ. മുൻ എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ള നേതാക്കളാണ് ബി.ജെ.പിയിൽ ചേർന്നത്.
മുൻ എം.പിമാരായ ഗോദം നാഗേഷ്, സീതാറാം നായക്, ബി.ആർ.എസ് മുൻ എം.എൽ.എമാരായ സെയ്ദി റെഡ്ഡി, ജലങ്കം വെങ്കട്ട് റാവു, കോൺഗ്രസ് നേതാവായിരുന്ന ശ്രീനിവാസ് ഗോമസെ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. പാർട്ടിയിൽ ചേർന്ന ശേഷം നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ചു.
മറ്റ് പാർട്ടികളുടെ നേതാക്കൾ അവരുടെ മകളുടെ ഭാവിക്കായി പ്രവർത്തിക്കുമ്പോൾ മോദി രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ട് ബി.ജെ.പി നേതാവും പാർട്ടി പാർലമെന്‍ററി ബോർഡ് അംഗവുമായ കെ. ലക്ഷ്മൺ പറഞ്ഞു.
കെ.സി.ആറും മക്കളും ചേർന്ന് തെലങ്കാനയിൽ അഴിമതി നിറഞ്ഞ സർക്കാറിനാണ് നേതൃത്വം നൽകിയിരുന്നതെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. അഴിമതിക്കെതിരെ പ്രധാനമന്ത്രി മോദി 10 വർഷമായി നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങളിൽ മതിപ്പുണ്ടാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.