തിരുവനന്തപുരം > ദേശീയപാത 66ന്റെ ഭാഗമായ തലശേരി – മാഹി ബൈപ്പാസിന്റെയും മുക്കോല – കാരോട് ബൈപ്പാസിന്റെയും ഉദ്ഘാടനം തിങ്കളാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ആകെ 2796 കോടി രൂപയുടെ പദ്ധതിയാണിത്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട്ടുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ നീളുന്ന തലശേരി – മാഹി ബൈപ്പാസ് ട്രയൽ റണ്ണിനായി വ്യാഴാഴ്‌ച തുറന്നിരുന്നു.
ഒരു മേൽപ്പാലം, ഒരു റെയിൽവേ മേൽപ്പാലം, 21 അടിപ്പാതകൾ, ഒരു ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് തലശ്ശേരി -മാഹി ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിലുള്ള സർവീസ് റോഡുകളുമുണ്ട്. പണി പൂർത്തിയാക്കിയ തിരുവനന്തപുരം മുക്കോല – കാരോട് ബൈപ്പാസ് കഴിഞ്ഞ വർഷം തന്നെ തുറന്നു നൽകിയിരുന്നു. ആകെ 16.05 കിലോമീറ്റർ ദൂരത്തിലുള്ള റോഡ് സംസ്ഥാനത്തെ ആദ്യത്തെ നീളം കൂടിയ കോൺക്രീറ്റ് പാതയാണ്. ദേശീയപാത 66 നായുള്ള ഭൂമിയേറ്റെടെക്കലിന്റെ 25 ശതമാനവും നൽകിയത് സംസ്ഥാന സർക്കാരാണ്.