ഡൽഹി കാപിറ്റൽസ് ആരാധകർ കാത്തിരുന്ന വാർത്ത എത്തി! നായകൻ ഋഷഭ് പന്ത് ഈ ഐ.പി.എൽ സീസണിൽ ടീമിനായി കളത്തിലിറങ്ങും. വിക്കറ്റ് കീപ്പർ ബാറ്റർ പന്തിന് ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) ഫിറ്റ്നസ് ക്ലിയറൻസ് നൽകിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഐ.പി.എൽ 2024ൽ താരത്തിന് കളിക്കാനാകും.
കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഏറെ നാളായി ചികിത്സയിലായിരുന്ന താരം എൻ.സി.എയിൽ കായികക്ഷമത വീണ്ടെടുക്കാനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു. 2024 സീസണിലും ഡൽഹിയുടെ നായകനായി പന്തിനെയാണ് മാനേജ്മെന്റ് പ്രഖ്യാപിച്ചിരുന്നത്. പന്തിന്റെ തിരിച്ചുവരവ് ഉടനുണ്ടാകുമെന്ന് മുൻ ഇന്ത്യൻ നായകനും ഡല്‍ഹി കാപിറ്റല്‍സ് ഡയറക്ടറുമായ സൗരവ് ഗാംഗുലി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
2022 ഡിസംബർ 30നുണ്ടായ കാറപകടത്തിലാണ് താരത്തിന് ഗുരുതരമായി പരിക്കേൽക്കുന്നത്. ദീർഘകാലം ചികിത്സയിലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മികച്ച താരമായ പന്ത് ഏകദിന ശൈലിയിൽ ബാറ്റുവീശി നിരവധി മത്സരങ്ങളിലാണ് ടീമിന് ജയമൊരുക്കിയത്. ഒന്നര വർഷത്തോളമായി കളത്തിന് പുറത്താണെങ്കിലും ഇപ്പോഴും ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ 14ാം സ്ഥാനത്താണ് യുവതാരം.
പുതുവത്സരം ആഘോഷിക്കാനായി സ്വന്തം നാടായ റൂര്‍ക്കിയിലേക്ക് പോകുന്ന വഴി പന്തിന്റെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കു ശേഷം അമ്മയെ കാണാന്‍ ജന്മനാട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഡിവൈഡറില്‍ ഇടിച്ച കാറില്‍ നിന്ന് പന്ത് പുറത്തിറങ്ങിയതിന് പിന്നാലെ കാര്‍ കത്തിനശിച്ചിരുന്നു.