ന്യൂഡൽഹി: രാജ്യത്തിന്റെ ഭരണഘടന തിരുത്തിയെഴുതാനുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഗൂഢപദ്ധതിയാണ് അനന്ദ്കുമാർ ഹെഗ്ഡെ എം.പിയുടെ പ്രസ്താവനയിലൂടെ പുറത്തായതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘ്പരിവാറിന്റെയും മനസ്സിലിരിപ്പാണ് എം.പിയുടെ വായിലൂടെ പുറത്തുവന്നത്. ബാബാ സാഹെബ് അംബേദ്കറുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ഭരണഘടന തകർക്കുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യം.
നീതി, സമത്വം, പൗരാവകാശം, ജനാധിപത്യം എന്നിവയെ അവർ വെറുക്കുന്നു. സമൂഹത്തെ വിഭജിച്ചും മാധ്യമങ്ങളെ അടിമകളാക്കിയും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ചവിട്ടിമെതിച്ചും സ്വതന്ത്ര സ്ഥാപനങ്ങളെ മുരടിപ്പിച്ചും പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയും ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെ സങ്കുചിത സ്വേച്ഛാധിപത്യമാക്കി മാറ്റാൻ അവർ ആഗ്രഹിക്കുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
മോദിയുടെയും ആർ.എസ്.എസിന്റെയും സ്വേച്ഛാധിപത്യം ലക്ഷ്യമിട്ടുള്ള നീക്കമാണ് പുറത്തുവന്നതെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. മനുവാദം അടിച്ചേൽപിക്കാനും പിന്നാക്കക്കാരുടെ അവകാശങ്ങൾ തട്ടിയെടുക്കാനുമാണ് അവരുടെ ശ്രമം. ഇനി തെരഞ്ഞെടുപ്പുകൾ ഉണ്ടാകില്ല. അല്ലെങ്കിൽ വ്യാജ തെരഞ്ഞെടുപ്പുകൾ നടത്തും. ഭരണഘടന സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം വെട്ടിക്കുറക്കും. ആവിഷ്‌കാര സ്വാതന്ത്ര്യം ബുൾഡോസർ ചെയ്യപ്പെടും.
മതേതര ഘടനയും നാനാത്വത്തിൽ ഏകത്വവും തകർക്കും. ഇതിനെ കോൺഗ്രസ് ശക്തിയുക്തം എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ഭരണഘടനവിരുദ്ധരാണെന്ന് പ്രസ്താവനയിലൂടെ തെളിഞ്ഞതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പ്രതികരിച്ചു.