ഗസ്സ: ഗസ്സയിൽ സഹായവസ്തുക്കൾ എത്തിക്കാൻ താൽക്കാലിക തുറമുഖം നിർമിക്കാനുള്ള ഉപകരണങ്ങളുമായി അമേരിക്കയുടെ സൈനിക കപ്പൽ ‘ജനറൽ ഫ്രാങ്ക് എസ്. ബെസ്സൻ’ യു.എസിലെ താവളത്തിൽനിന്ന് പുറപ്പെട്ടു. ഭക്ഷണം, വെള്ളം, മരുന്ന്, താൽക്കാലിക ഷെൽട്ടറുകൾ എന്നിവ വഹിക്കുന്ന കപ്പലുകൾ സ്വീകരിക്കാൻ മെഡിറ്ററേനിയൻ തീരത്ത് താൽക്കാലിക തുറമുഖം നിർമിക്കാനാണ് നീക്കം.
അതേസമയം, ഇസ്രായേലിന് ആയുധം നൽകുകയും ഗസ്സയിൽ മാനുഷികസഹായം വാഗ്ദാനംചെയ്യുകയും ചെയ്യുന്ന യു.എസ് നയം ഇരട്ടത്താപ്പാണെന്ന് വിമർശനമുണ്ട്. ഗസ്സയിലെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ കര അതിർത്തി തുറക്കണം. ആത്മാർഥതയുണ്ടെങ്കിൽ ഇതിന് ഇസ്രായേലിനെ സമ്മർദത്തിലാക്കുകയാണ് വേണ്ടതെന്നാണ് വിമർശനം. താൽക്കാലിക തുറമുഖവും കോസ്വേയും നിർമിക്കാൻ രണ്ടു മാസമെടുക്കുമെന്നാണ് കണക്കുകൂട്ടൽ.