ചണ്ഡീഗഢ്: യൂണിവേഴ്സിറ്റി കാമ്പസിലെ ഓഫീസിനുള്ളിൽ പ്രൊഫസറേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം. എട്ടു വയസുള്ള മകളെ കൊലപ്പെടുത്തി പ്രൊഫസറും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരമാണ് ഓഫീസിനുള്ളിൽ പ്രൊഫസറുടേയും മകളുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രൊഫസർ സന്ദീപ് ഗോയലും(35) ഇയാളുടെ മകളുമാണ് മരിച്ചത്. ഇരുവരേയും ലാലാ ലജപത് റായ് യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി ആന്റ് അനിമൽ സയൻസസിലെ ഓഫീസിലാണ് മരിച്ച നിലിൽ കണ്ടെത്തിയത്. മകളെ സർജിക്കൽ ബ്ലേഡു കൊണ്ട് കഴുത്തു മുറിച്ച് കൊലപ്പെടുത്തി പ്രൊഫസറും കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാൾ വിഷാദ രോഗത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ സൂചന നൽകിയതായി പൊലീസ് പറഞ്ഞു. കൃത്യമായ ആരോഗ്യനിലയെക്കുറിച്ച് അറിയാൻ ഞങ്ങൾ ബന്ധപ്പെട്ട ഡോക്ടറുമായി സംസാരിക്കുമെന്നും ഹിസാർ അസിസ്റ്റൻ്റ് പൊലീസ് സൂപ്രണ്ട് രാജേഷ് മോഹൻ പറഞ്ഞു.
ഗോയൽ മകളുമായി വൈകുന്നേരം പുറത്തുപോയി വരാമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. വൈകിട്ട് 4 മണിയോടെ വീട്ടിൽ നിന്ന് പുറപ്പെട്ട ഗോയൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. പിന്നീട് ഭാര്യ അന്വേഷിച്ച് യൂണിവേഴ്സിറ്റിയിലെത്തിയപ്പോഴാണ് സ്കൂട്ടർ ഗേറ്റിന് പുറത്ത് നിർത്തിയത് കണ്ടത്. എന്നാൽ ഗേറ്റ് അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു. ഉടൻ തന്ന സെക്യൂരിറ്റിയെ അറിയിച്ച് പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ രണ്ടുപേരെയും കണ്ടെത്തിയത്. 2016 മുതൽ ഗോയൽ യൂണിവേഴ്സിറ്റിയെ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത് വരികയാണ്.