ന്യൂഡല്‍ഹി: അടുത്ത 5-10 വര്‍ഷത്തിനിടെ തിരുവനന്തപുരം അടക്കം രാജ്യത്തെ ഏഴു വിമാനത്താവളങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതിയിട്ട് അദാനി ഗ്രൂപ്പ്. 60,000 കോടി രൂപ ചെലവഴിച്ച് വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനാണ് പദ്ധതി. 2040ഓടേ അദാനി പോര്‍ട്‌സിന്റെ കീഴിലുള്ള വിമാനത്താവളങ്ങളുടെ ശേഷി മൂന്ന് മടങ്ങ് വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു. വിമാനങ്ങള്‍ വരുന്നതും പോകുന്നതുമായ ഇടം, റണ്‍വേ, കണ്‍ട്രോള്‍ ടവറുകള്‍ തുടങ്ങിയവയ്ക്ക് മാത്രം 30000 കോടി രൂപ ചെലവഴിക്കും. വിമാനത്താവളങ്ങള്‍ക്ക് ചുറ്റിലുമുള്ള വാണിജ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതാണ് ശേഷിക്കുന്ന തുക ചെലവഴിക്കുക. തിരുവനന്തപുരത്തിന് പുറമേ മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, മംഗലൂരു, ഗുവാഹത്തി, ജയ്പൂര്‍ വിമാനത്താവളങ്ങളാണ് അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്നത്.
അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന വിമാനത്താവളങ്ങള്‍ വഴി വര്‍ഷംതോറും 10-11 കോടി യാത്രക്കാരാണ് യാത്ര ചെയ്യുന്നത്. ഇത് മൂന്ന് മടങ്ങ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വികസനപദ്ധതി. 2040ഓടേ യാത്രക്കാരുടെ എണ്ണം 25-30 കോടിയാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്‌സ് ഹോള്‍ഡിങ്‌സ് അറിയിച്ചു.