കട്ടപ്പന: ഇടുക്കി കട്ടപ്പനയിലെ ഇരട്ട കൊലപാതക കേസിലെ പോലീസ് അന്വേഷണം പ്രതിസന്ധിയിൽ. കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹ അവശിഷ്ടങ്ങൾ ഇന്നും കണ്ടെത്താനായില്ല. ഒന്നാം പ്രതി നിതീഷ് മൊഴിമാറ്റിപ്പറയുന്നത് പോലീസിനെ വലയ്ക്കുകയാണ്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തു നിന്നും എടുത്ത് കത്തിച്ചെന്നാണ് നിതീഷിന്റെ പുതിയ മൊഴി. കട്ടപ്പന കക്കാട്ടുകടയിൽ വാടക്ക്ക താമസിച്ചിരുന്ന 57 കാരൻ വിജയൻ, വിജയന്റെ മകളുടെ കുഞ്ഞ്. ഈ രണ്ട് പേരുടേയും കൊലപാതകം നടന്നത്. പ്രതി സ്ഥാനത്ത് നിൽക്കുന്നത് വിജയന്റെ മകൻ വിഷ്ണുവും സുഹൃത്ത് നിതീഷുമാണ്. വിജയന്റെ മകളിൽ നിതീഷിനുണ്ടായ കുഞ്ഞാണ് ആദ്യം കൊല്ലപ്പെട്ടത്.
2016 ൽ പൂജ ചെയ്യാനായി വിജയന്റെ വീട്ടിലെത്തിയ നിതീഷ്, വിജയന്റെ മകളുമായി സൗഹൃദത്തിലായി. ഈ ബന്ധത്തിൽ യുവതി ഗർഭിണിയുമായി. നാണക്കേട് ഭയന്ന് ഈ കുഞ്ഞിനെ നിതീഷും വിഷ്ണുവും വിജയനും ചേർന്ന് കൊല്ലുകയായിരുന്നു.മൃതദേഹം കുഴിച്ചിട്ടത് സാഗര ജംഗ്ഷനിലെ വീട്ടിലെ തൊഴുത്തിലും. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവിടെ ഇന്നലെയും ഇന്ന് വൈകിട്ടും അന്വേഷണ സംഘം തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല.