ആലപ്പുഴ: ആലപ്പുഴയിൽ ധൻബാദ് -ആലപ്പുഴ എക്സ്പ്രസ് ട്രെയിനിൽ നിന്ന് 10 കിലോഗ്രാമിലേറെ കഞ്ചാവ് കണ്ടെടുത്തു. എക്സൈസും റെയിൽവേ ഫോഴ്‌സും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് ട്രെയിനിനുള്ളിലെ ജനറൽ കമ്പാർട്മെന്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഒരു വലിയ ബിഗ് ഷോപ്പറിൽ അഞ്ചു പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്.
ബാഗിൽ കഞ്ചാവ് കടത്തിയത് ആരാണെന്ന് കണ്ടെത്താനായി എക്സൈസ് അന്വേഷണം ആരംഭിച്ചു. ആർപിഎഫ് സബ് ഇൻസ്പെക്ടർ സുരേന്ദ്രൻ പി.എസ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഓമനക്കുട്ടൻ പിള്ള, ഹെഡ് കോൺസ്റ്റബിൾ അജി കുമാർ, ആലപ്പുഴ ഐബി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് റോയ് ജേക്കബ് ഇ, അലക്സാണ്ടർ ആലപ്പുഴ എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മധു.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപീകൃഷ്ണൻ, പ്രദീഷ് പി നായർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
കഴിഞ്ഞ ദിവസം എക്സൈസ് തിരുവനന്തപുരത്തും കഞ്ചാവ് പിടികൂടിയിരുന്നു. തിരുവനന്തപുരം മണക്കാട് നിന്നാന്നും രണ്ട് കിലോഗ്രാം കഞ്ചാവും 02.367 ഗ്രാം ബ്രൗൺ ഷുഗറും സഹിതം പശ്ചിമ ബംഗാൾ സ്വദേശി സജിറുൽ ഇസ്ലാമാണ് പിടിയിലായത്. ലോക്‌സഭ ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു നടത്തിയ പ്രത്യേക പരിശോധനയിലാണ് സജിറുലിനെ കഞ്ചാവും ബ്രൗൺ ഷുഗറുമായി പിടികൂടിയത്. ഇയാൾ നിലവിൽ മണക്കാട് ജംഗ്ഷനു സമീപം വാടകയ്ക്ക് താമസിക്കുകയാണ്. തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധനയും അറസ്റ്റും.