ചെന്നൈ: തമിഴ്നാട്ടിലെ ത്രികോണ പോരാട്ടം ബിജെപിക്ക് നേട്ടമാകുമെന്ന് സമത്വ മക്കൾ കക്ഷി അധ്യക്ഷനും നടനുമായ ശരത് കുമാർ. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് എൻഡിഎയിൽ ചേർന്നത്. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി പ്രവർത്തിക്കുമെന്നും ശരത് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, തൃശൂരിൽ മത്സരം കടുക്കുകയാണ്. സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥിയാവുന്ന മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരനുമാണ് എത്തുന്നത്.
അതിനിടെ, തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥി മാറ്റത്തിൽ അമർഷം രേഖപ്പെടുത്തി അഖില കേരള ധീവര സഭ ഇന്നലെ രംഗത്തെത്തി. ധീവര സമുദായകാരനായ പ്രതാപനെ മാറ്റിയിടത്ത് സമുദായത്തിനകത്തെ മറ്റൊരാളെ പരിഗണിക്കാത്തതിലാണ് അഖില കേരള ധീവര സഭക്ക് അതൃപ്തി. സമുദായത്തിൽ പെട്ട 30 ലക്ഷം ആളുകളെ അവഗണിച്ചെന്ന് ധീവരസഭ ഓർഗനൈസിങ് സെക്രട്ടറി ടി വി ജനാർദ്ദനൻ പറഞ്ഞു. കോൺഗ്രസ് പാർട്ടിയാണ് സമുദായത്തെ എന്നും പരിഗണിച്ചിരുന്നതെന്നും സമുദായത്തിലെ ഒരാൾക്ക് സീറ്റ് അനുവദിച്ചതും കോൺഗ്രസാണെന്നും അഖില കേരള ധീവര സഭ അഭിപ്രായപ്പെട്ടു.
നിലവിൽ ഒരു സീറ്റിലും പരിഗണിക്കാത്തത് കടുത്ത അവഗണനയാണ്. ആലപ്പുഴയിൽ പരിഗണിക്കണമെന്നറിയിച്ചിട്ടും അവഗണിച്ചെന്നും അഖില കേരള ധീവര സഭ നേതാക്കൾ പറഞ്ഞു. കോൺഗ്രസ് നേതൃത്വവുമായി സംസാരിച്ചെന്നും തൃശൂരിൽ രെ മുരളീധരനെ പിന്തുണക്കുന്നതിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്നും ധീവരസഭ ഓർഗനൈസിങ് സെക്രട്ടറി ടി വി ജനാർദ്ദനൻ പറഞ്ഞു.