അബുദാബി: യുഎഇയില്‍ ദിവസങ്ങള്‍ നീണ്ട മഴയ്ക്ക് ശമനമായതോടെ രാജ്യത്ത് വീണ്ടും കാലാവസ്ഥ മാറ്റം. കനത്ത മൂടല്‍മഞ്ഞാണ് രാജ്യത്ത് തിങ്കളാഴ്ച അനുഭവപ്പെട്ടത്. ദുബൈ, അബുദാബി, റാസല്‍ഖൈമ, ഷാര്‍ജ ഉള്‍പ്പെടെയുള്ള വിവിധ എമിറേറ്റുകളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും മഴ ലഭിച്ചേക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടകരമായ സാഹചര്യം നിലവിലില്ല. കഴിഞ്ഞ ദിവസം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു.
കനത്ത മൂടല്‍മഞ്ഞ് ഉള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വേഗപരിധി പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. മൂടല്‍മഞ്ഞ് മണിക്കൂറുകളോളം നീണ്ടതോടെ വാഹന ഗതാഗതം പല സ്ഥലങ്ങളിലും ബുദ്ധിമുട്ടിലായി. അബുദാബിയിലെ പ്രധാന റോഡുകളിലെല്ലാം വേഗപരിധി 80 കി.മീറ്ററാക്കി കുറച്ചു. രാവിലെ 10 മണി വരെയാണ് മൂടല്‍മഞ്ഞ് മൂലം ദൂരക്കാഴ്ച കുറയുമെന്ന് അറിയിച്ചിരുന്നത്.