കൊച്ചി : നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ് കിട്ടിയിട്ടില്ലെന്ന് നയതന്ത്രപാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. എന്തിനാണ് വിളിച്ചതെന്ന് അറിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സ്വപ്ന പറഞ്ഞു. ചോദ്യം ചെയ്യലിനു വിളിപ്പിച്ചതില്‍ ഭയമുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ആത്മഹത്യയുടെ വക്കില്‍നില്‍ക്കുന്ന സ്ത്രീക്ക് എന്തിനാണ് ഭയ’മെന്നായിരുന്നു സ്വപ്നയുടെ മറുപടി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇഡി സമന്‍സ് അയച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സ്വപ്ന.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായും മൊഴി കൃത്യമായി വായിച്ചു നോക്കാന്‍ സാവകാശം നല്‍കാതെ മൊഴി പ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ വിവാദമുയര്‍ത്തിയിരുന്നു. എം.ശിവശങ്കറിനൊപ്പം ദുബായില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി ‘ഫിനാന്‍ഷ്യല്‍ നെഗോസ്യേഷന്‍’ നടത്തിയെന്നു പറയാന്‍ സമ്മര്‍ദമുണ്ടെന്നാണു സന്ദേശത്തിലുണ്ടായിരുന്നത്. ഇതെല്ലാം തന്നെക്കൊണ്ടു വ്യാജമായി പറയിപ്പിച്ചതാണെന്നാണു സ്വപ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.