ദില്ലി: ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ഇന്നലെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഡിജിറ്റല്‍ രൂപത്തിലാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷമായിരിക്കും പരിശോധന. ജമ്മു കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ന് വൈകീട്ടോടെ ദില്ലിയിലെത്തും.
കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിനെ തുടര്‍ന്നാണ് എസ്ബിഐ വിവരങ്ങള്‍ കമ്മീഷന് കൈമാറിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങള്‍ പതിനഞ്ചിന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
എസ്ബിഐ നല്‍കിയ വിവരങ്ങള്‍ ക്രോഡീകരിച്ച് പതിനഞ്ചിന് ഉള്ളില്‍ പ്രസീദ്ധീകരിക്കുന്നത് കമ്മീഷന് വെല്ലുവിളിയാകുമെന്നാണ് സൂചന. ഇതിനിടെ കോടതി ഉത്തരവ് തടയണമെന്ന് അസാധാരണ ആവശ്യം സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് ഉന്നയിച്ചിട്ടുണ്ട്.