മാനസികാരോഗ്യം കുറവ് പുരുഷന്മാരിലാണെന്നായിരുന്നു ഇതുവരെയുള്ള പഠനങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് സ്ത്രീകളുടെ ഇടയില്‍ മാനസികാസ്വാസ്ഥമുള്ളവരുടെ കണക്കുകളെ കുറച്ച് കാണിക്കുന്നെന്നും യഥാര്‍ത്ഥത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മാനസികാസ്വാസ്ഥമുള്ളത് സ്ത്രീകള്‍ക്കാണെന്നും ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ കോർപ്പറേറ്റ് സൈക്കോപതിയിൽ വിദഗ്‌ദ്ധനായ ഡോ. ക്ലൈവ് ബോഡി പറയുന്നു. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ഗവേഷണ പ്രബന്ധം ഇക്കാര്യം വിശദീകരിക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
സാധാരണയായി മാനസികരോഗ പ്രവർത്തനങ്ങളെ അക്രമവും സാമൂഹിക വിരുദ്ധ പെരുമാറ്റവുമായി ബന്ധപ്പെടുത്തിയാണ് കണക്കാക്കിയിരുന്നത്. മിഷേല്‍ ആര്‍ ലെവിന്‍സണ്‍ കണ്ടെത്തിയ ലെവൻസൺ സെൽഫ് റിപ്പോർട്ട് സൈക്യാട്രിക് സ്കെയിൽ (LSRP) എന്ന പഠന രീതി അനുസരിച്ച് മാനസികാരോഗ്യ പഠനത്തില്‍ രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യത്തേത് വൈകാരികമായ അകൽച്ച, സ്വാർത്ഥത തുടങ്ങിയ പെരുമാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രണ്ടാമത്തേത് അക്രമം, സാമൂഹ്യവിരുദ്ധ പെരുമാറ്റം തുടങ്ങിയ ശാരീരിക ഘടകങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ജയിലുകളില്‍ തടവിലാക്കപ്പെടുന്ന മാനസിക സ്വഭാവ സവിശേഷതയുള്ള കുറ്റവാളികളെ കുറിച്ചുള്ള പഠനത്തില്‍ നിന്നാണ് ഈ രീതി ഉരുത്തിരിഞ്ഞ് വന്നത്. എന്നാല്‍ മാനസിക സവിശേഷതയുള്ള കുറ്റവാളികളായ പുരുഷന്മാരിലാണ് ലെവിന്‍സണിന്‍റെ പഠനങ്ങള്‍ കൂടുതലും നടന്നത്. അതിനാലാണ് മാനസികാസ്വാസ്ഥ്യം കൂടുതല്‍ പുരുഷന്മാരിലാണെന്ന വിശ്വാസം ഉടലെടുത്തത്.
കോർപ്പറേറ്റ് / ജോലി സാഹചര്യത്തില്‍ മനോരോഗികൾ പ്രകടിപ്പിക്കുന്ന സാധാരണ സ്വഭാവത്തെക്കുറിച്ചായിരുന്നു 2005 മുതല്‍ ഡോ. ക്ലൈവ് ബോഡിയുടെ പഠനം നടത്തിയിരുന്നത്. ക്ലൈവ് ബോഡിയുടെ അഭിപ്രായത്തില്‍ പുതിയ കാലത്ത് നിലവിലുള്ള അവസ്ഥയില്‍ നിന്നും സൈക്കോപാത്തുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പെരുമാറ്റ സ്വഭാവങ്ങളിലേക്ക് മാറിക്കഴിഞ്ഞു. ഇതിനാല്‍ തന്നെ സ്ത്രീകളുടെ ഇത്തരം സൂക്ഷ്മ പെരുമാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നും ക്ലൈവ് ചൂണ്ടിക്കാട്ടുന്നു. നേരത്തെ സൈക്കോപാത്തുകളുടെ സ്ത്രീ പരുഷ അനുപാതം 1:10 ആയിരുന്നെങ്കില്‍ ക്ലൈവിന്‍റെ പഠനത്തില്‍ അത് 1:1.2 ആണ്. അതായത് ഇത്തരം കേസുകളിലെ സ്ത്രീ പുരുഷ അനുപാതത്തില്‍ വലിയ വ്യത്യാസമില്ലെന്ന് ക്ലൈവ് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളായ രോഗികള്‍ ശാരീരകമായ അക്രമങ്ങളിലേക്ക് നീങ്ങുന്നതിന് പകരം വാക്കാലുള്ള അക്രമം ശക്തമാക്കുന്നുവെന്നും ഇത് പുരുഷ മനോരോഗികള്‍ പ്രകടിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ സൂക്ഷ്മവും വൈകാരിക സ്വഭാവമുള്ളതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പഠനം ദൂരവ്യാപകമായി കുറ്റകൃത്യ വിചാരണകളിലും കോര്‍പ്പറേറ്റ് / ജോലി സ്ഥലങ്ങളിലെ നേതൃത്വങ്ങളിലും സ്വാധീനം ചെലുത്താമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘