ദില്ലി: കേരളത്തിന് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സഹായം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഫോര്‍മുല കേരളം തള്ളി. സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിച്ചത്. കേരളത്തിന് 5000 കോടി ഈ മാസം നല്‍കാം. ഇത് അടുത്ത വർഷത്തെ പരിധിയിൽ നിന്ന് കുറയ്ക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴി കണ്ടെത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ 10,000 കോടി രൂപ ഉടൻ നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു.വായ്പയെടുക്കാനുള്ള കേരളത്തിൻറെ അവകാശം ഹനിക്കുന്നതാണ് കേന്ദ്ര നിലപാടെന്ന് കേരളം വാദിച്ചു.കേന്ദ്രം വാഗ്ദാനം ചെയ്ത 5000 കോടി വാങ്ങിക്കൂടെ എന്ന് കോടതി ചോദിച്ചു.വിശദ വാദം കേൾക്കൽ വേണമെന്ന് കേരളം ആവശ്യപ്പെട്ടു. ഹർജിയിൽ വാദം നടക്കട്ടെ എന്ന് കേന്ദ്രവും നിലപാടെടുത്തു.
കേന്ദ്ര നിർദ്ദേശം കേരളം സ്വീകരിക്കാത്ത സാഹചര്യത്തില്‍ വാദം കേൾക്കുന്നതിന് കോടതി തയ്യാറായി .ഇടക്കാല ഉത്തരവിന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു.അടുത്ത വ്യാഴാഴ്ച പത്തരയ്ക്ക് വാദം വാദം കേൾക്കും.അന്ന് ഒന്നാമത്തെ കേസായി വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.കേരളത്തിന്‍റെ ആവശ്യം ഉദാരമായി പരിഗണിക്കാൻ കോടതി കേന്ദ്രത്തിന് ഇന്നലെ നിർദ്ദേശം നല്കിയിരുന്നു. പതിനയ്യായിരം കോടി രൂപ കൂടി പ്രതിസന്ധി മറികടക്കാൻ ഈ മാസം വേണ്ടി വരും എന്നാണ് കേരളത്തിനു വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയെ അറിയിച്ചത്.