തിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തെ തുടർന്ന് തടഞ്ഞുവെച്ചതിൽ രണ്ടു മാസത്തെ ബില്ലുകൾ പാസാക്കാൻ ട്രഷറികൾക്ക് ധനവകുപ്പ് നിർദേശം. ഡിസംബർ, ജനുവരി മാസത്തെ ബില്ലുകളാണ് മാറി നൽകുക. 1303 കോടിയാണ് വിതരണം ചെയ്യുന്നത്. എല്ലാ ബില്ലും മുൻഗണന ക്രമത്തിൽ മാറിനൽകും.
നവംബറിലെ ട്രഷറി നിയന്ത്രണത്തെ തുടർന്ന് ബില്ലുകളൊന്നും പാസാക്കിയിരുന്നില്ല. ആഗസ്റ്റിലും സെപ്റ്റംബറിലുമെല്ലാം നടന്ന പ്രവൃത്തികളുടെ ബില്ലാണ് ഇക്കാലയളവിലെത്തിയത്. ജനുവരിയിലേത് മാറി നൽകുമ്പോഴും ഫെബ്രുവരിയിലേതും മാർച്ചിലേതും ഇനി പാസാക്കണം. ഇതിന് ഭാരിച്ച ചെലവാണ് പ്രതീക്ഷിക്കുന്നത്.
ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ആരംഭിക്കുമെന്ന് ധനവകുപ്പ് പ്രഖ്യാപിച്ചത് വെള്ളിയാഴ്ച മുതലാണ്. 900 കോടിയാണ് ക്ഷേമ പെൻഷനായി വേണ്ടത്. ഊർജ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനടക്കം അനുവദിക്കേണ്ട 13,609 കോടിയുടെ വായ്പാനുമതി സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് കഴിഞ്ഞയാഴ്ച ലഭിച്ചിരുന്നു. ആദ്യഘട്ടമായി രേഖാമൂലം അനുമതി കിട്ടിയ 8742 കോടിയിൽ 5000 കോടി കടമെടുത്തിരുന്നു. ഇതുപയോഗിച്ചാണ് പെൻഷനും ട്രഷറിയിലെ ബില്ലുമാറലിനും വിഹിതം കണ്ടെത്തുന്നത്.
അധിക കടമെടുപ്പുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ തർക്കത്തിൽ കലാശിച്ചിരുന്നു. 5000 കോടി ഉപാധികളോടെ കടമെടുക്കാൻ അനുവദിക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്. എന്നാൽ, 10,000 കോടിയുടെ വായ്പാനുമതി വേണമെന്ന് കേരളവും വാദിച്ചു. ധാരണയിലെത്താത്ത സാഹചര്യത്തിൽ ഇനി കോടതിയുടെ ഇടക്കാല വിധിയിലാണ് പ്രതീക്ഷ.