കൊച്ചി > തിരുവനന്തപുരത്ത് യുവഡോക്ടർ ഷഹന ആത്മഹത്യ ചെയ്‌ത കേസിലെ പ്രതിയും സഹപാഠിയുമായ ഡോ. റുവൈസിന് പഠനം തുടരാൻ ഹൈക്കോടതിയുടെ അനുമതി. പിജി വിദ്യാർഥിയായ റുവൈസിനെ സസ്‌പെൻഡ് ചെയ്യുകയും പഠനം വിലക്കുകയും ചെയ്‌ത ആരോഗ്യ സർവകലാശാലയുടെ ഉത്തരവ് സ്‌റ്റേ ചെയ്‌താണ് കോടതിയുടെ ഇടക്കാല ഉത്തരവ്. റുവൈസിന് ഒരാഴ്ചയ്‌ക്കകം പ്രവേശനം നൽകണമെന്നും ഇതിന്റെ പേരിൽ ഉണ്ടാകാനിടയുള്ള അനിഷ്ടസംഭവങ്ങൾ തടയാൻ കോളേജ് അധികൃതർ മുൻകരുതലെടുക്കണമെന്നും കോടതി വ്യക്തമാക്കി.
പഠനം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് റുവൈസ് നൽകിയ ഹർജി പരിഗണിച്ചാണ് ജസ്‌റ്റിസ് സി പി മുഹമ്മദ് നിയാസിന്റെ ഉത്തരവ്. റുവൈസിന്റെ പേരിലുള്ളത് ഗുരുതരകുറ്റകൃത്യമാണെങ്കിലും അത് തെളിയാത്ത സാഹചര്യത്തിൽ പഠനം തുടരാൻ തടസ്സമില്ലെന്ന് കോടതി നിരീക്ഷിച്ചു. പിജി വിദ്യാർഥിനിയായ ഡോ. ഷഹന ഡിസംബർ നാലിനാണ് ആത്മഹത്യ ചെയ്‌തത്. റുവൈസുമായി ഷഹനയുടെ വിവാഹം നിശ്‌ചയിച്ചിരുന്നു. വലിയ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാഹം മുടങ്ങിയതിനാൽ ഷഹന ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളുമാണുള്ളത്. നിലവിൽ ജാമ്യത്തിലാണ്.