ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് ഉറക്കം. ഉറക്കത്തിന്റെ പ്രാധാന്യം അറിയിക്കാനാണ് മാർച്ച് 15ന് ലോക ഉറക്കമായി ആചരിക്കുന്നത്. മുതിർന്നവർ രാത്രിയിൽ ഏറ്റവും കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് പറയാറുള്ളത്. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ കൂടുതൽ സമയം ഉറങ്ങേണ്ടത് അനിവാര്യമാണ്. സ്ത്രീകൾ എട്ടുമണിക്കൂർ നേരം ഉറങ്ങിയിട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നുവെങ്കിൽ അതിനു കാരണം നിങ്ങളുടെ ശരീരം കൂടുതൽ ഉറക്കം ആവശ്യപ്പെടുന്നു എന്നാണ്.
അതായത് പുരുഷന്മാർ രാത്രി എഴ്-എട്ട് മണിക്കൂറുകൾ ഉറങ്ങുമ്പോൾ അതിനേക്കാൾ കുറച്ചു കൂടി സമയം സ്ത്രീകൾ ഉറങ്ങണമെന്നാണ് മുംബൈയിലെ ഡോ. ബാബാസാഹിബ് അംബേദ്കർ സ്മാരക ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.
സ്ത്രീകൾ പുരുഷന്മാരേക്കാൾ 20 മിനിറ്റ് എങ്കിലും കൂടുതൽ ഉറങ്ങണമെന്നാണ് പഠനങ്ങൾ പറയുന്നത്. കാരണം സ്ത്രീകളുടെ മസ്തിഷ്‍കം പുരുഷന്മാരുടേതിൽ നിന്ന് വ്യത്യസ്തവും സങ്കീർണവുമാണ്. സ്ത്രീകൾ പുരുഷന്മാരേക്കാൾ മൾട്ടിടാസ്കിങ് ചെയ്യുന്നവരാണ്. അതിനാൽ മസ്തിഷ്‍കം കൂടുതൽ ഉപയോഗിക്കുന്നു.
പ്രായമായ ഒരാൾ രാത്രിയിൽ ശരാശരി ഏഴുമണിക്കൂർ ഉറങ്ങുമ്പോൾ സ്ത്രീകൾക്ക് 11 മിനിറ്റ് അധിക ഉറക്കം ആവശ്യമാണെന്നാണ് സ്ലീപ് ഫൗണ്ടേഷൻ പറയുന്നത്. സ്ത്രീകളിൽ ഉൽക്കണ്ഠയും വിഷാദവും വരാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ സ്ത്രീകൾക്ക് ഉറങ്ങാനുള്ള സമയം പുരുഷൻമാരെ അപേക്ഷിച്ച് കുറവാണു താനും. സ്ത്രീകളുടെ ഉറക്കത്തെ ഹോർമോൻ വ്യതിയാനങ്ങളും സ്വാധീനിക്കുന്നുണ്ട്. ആർത്തവചക്രത്തിലുടനീളം ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകൾ ഉറക്ക രീതിയെ തടസ്സപ്പെടുത്തും. ആർത്തവത്തിന് മുമ്പുള്ള ഘട്ടത്തിൽ ഈ തടസ്സങ്ങൾ കൂടുതൽ പ്രകടമാകും. മാത്രമല്ല, ഗർഭകാലത്ത്, ശാരീരിക അസ്വസ്ഥതകൾക്കൊപ്പം ഹോർമോൺ വ്യതിയാനങ്ങളും ഉറക്കത്തെ കൂടുതൽ തടസ്സപ്പെടുത്തും. ഉറക്കത്തെ ബാധിക്കുന്ന കാര്യമായ ഹോർമോൺ അസ്വസ്ഥതയുടെ മറ്റൊരു കാലഘട്ടമാണ് ആർത്തവവിരാമ കാലം.
നന്നായി ഉറങ്ങൂ…
നല്ല ഉറക്കം തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യവും മെറ്റബോളിസവും ചർമത്തിന്റെയും മുടിയുടെയും ആരോഗ്യവും വർധിപ്പിക്കുകയും ചെയ്യും. ആയുസ് വർധിക്കാനും ഉറക്കം പ്രധാനമാണ്. നമ്മുടെ വികാരങ്ങൾ നിയന്ത്രിക്കാനും ഉറക്കം കാരണമാകുന്നു. നന്നായി ഉറങ്ങുന്ന ഒരാൾക്ക് വിഷാദവും ഉൽക്കണ്ഠയും കുറവായിരിക്കും. ജോലിസ്ഥലങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കാനും അവർക്ക് കഴിയും. ഉറക്കമില്ലായ്മ ഡിമൻഷ്യ, ഹൃദ്രോഗം, സ്ട്രോക്ക്, അമിതവണ്ണം എന്നിവക്കും കാരണമാകും.
സ്ഥിരമായി ഉറക്കം കുറഞ്ഞാൽ ഓർമക്കുറവുണ്ടാകും. ഓരോ പ്രായത്തിനനുസരിച്ചും നമ്മുടെ ഉറക്ക ഷെഡ്യൂൾ മാറുന്നുണ്ട്. ഉദാഹരണമായി നവജാതശിശുക്കൾക്കും കുട്ടികൾക്കും 12 മുതൽ 14 മണിക്കൂർവരെ ഉറക്കം ആവശ്യമാണ്. മുതിർന്നവർക്ക് രാത്രിയിൽ 7-9 മണിക്കൂർ ഉറക്കം ആവശ്യമാണ്. പ്രായമാകുമ്പോൾ ഉറക്കം കുറയുന്നത് സ്വാഭാവികമാണ്
നല്ല ഉറക്കം കിട്ടാൻ…
സ്ഥിരമായി ഒരേ സമയത്ത് ഉറങ്ങാൻ ശ്രമിക്കുക
ഉറങ്ങുന്നതിന് തൊട്ടു മുമ്പ് വായിക്കുക, പാട്ടു കേൾക്കുക. അല്ലെങ്കിൽ ചെറു ചൂടു വെള്ളത്തിൽ കുളിക്കുക
ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോൺ അടുത്ത് നിന്ന് മാറ്റിവെക്കുക
ചായ, കാപ്പി, ആൽക്കഹോൾ ഉപയോഗം കുറക്കുക
പതിവായി വ്യായാമം ചെയ്യുക.