അന്തരീക്ഷത്തില്‍ ചൂട് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. സൂര്യാഘാതം, സൂര്യതാപം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. അന്തരീക്ഷതാപം ഉയരുമ്പോള്‍ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ചൂട് പുറന്തള്ളപ്പെടുന്നതിന് വിഘാതം നേരിടുകയും ചെയ്യുന്നതിലൂടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.
കനത്ത ചൂടില്‍ ശരീരത്തില്‍നിന്നും ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ അമിത അളവില്‍ നഷ്ടമാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥയാണ് സൂര്യാതപം. ക്ഷീണം, തലകറക്കം, ഛര്‍ദ്ദി, ബോധക്ഷയം ശരീരം ചുവന്ന് ചൂടാകുക, ശക്തമായ തലവേദന, പേശീവലിവ്, തലകറക്കം, ഉയര്‍ന്ന ശരീര താപനില തുടങ്ങിയവ താപ സംബന്ധമായ രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ നടത്തണം. ഉയര്‍ന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയവ നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും മരണത്തിനും കാരണമായേക്കാം.
ചൂട് കാലത്ത് ശ്രദ്ധിക്കാന്‍
ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
യാത്രയിലും ജോലിസ്ഥലത്തും തിളപ്പിച്ചാറിയ ശുദ്ധജലം കരുതുകയും ദാഹമില്ലെങ്കിലും ഇടയ്ക്കിടെ കുടിക്കുകയും ചെയ്യുക.
കടുത്ത വെയിലുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.
പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
കുട്ടികളെ ഈ സമയത്ത് വെയിലത്ത് കളിക്കാന്‍ വിടാതിരിക്കുക.
നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെ ഒറ്റക്കിരുത്തി പോകാതിരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പരമാവധി തണലത്ത് നടക്കുക.
തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ ജോലിസമയം ക്രമീകരിക്കുക. മതിയായ സുരക്ഷാ മാർഗങ്ങള്‍ സ്വീകരിക്കുക.
ചായ, കാപ്പി, മദ്യം, കൃത്രിമ പാനീയങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക.
സൂര്യാഘാത ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.