കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ അതിക്രമത്തിനിരയായ വനിതകളും ഗ്രാമീണരും ദില്ലിയിൽ എത്തി രാഷ്ട്രപതിയെ കണ്ടു. അതിക്രമം നേരിട്ടവർക്ക് സംരക്ഷണം ഒരുക്കണമെന്ന് രാഷ്ട്രപതിയോട് ഇവർ അഭ്യർത്ഥിച്ചു. നാളെ ജന്തർമന്തറിൽ പ്രതിഷേധിക്കാനാണ് ഇവരുടെ തീരുമാനം.സന്ദേശ്ഖാലിയിൽ നേരിട്ട അതിക്രമങ്ങൾ മാധ്യമങ്ങളോട് വിവരിച്ച ശേഷം മടങ്ങാൻ ഒരുങ്ങവേയായിരുന്നു വനിതകളിൽ ഒരാൾ കുഴഞ്ഞ് വീണത്. സന്ദേശ്ഖാലിയിലെ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ടാണ് വനിതകൾ രാഷ്ട്രപതിയെ കണ്ടത്. ഇതിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ട അതിജീവിതർ സന്ദേശ്ഖാലിയിലെ സാഹചര്യം വിവരിച്ചു. സെന്റർ ഫോർ എസ്എസി എസ്ടി സപ്പോർട്ട് ആൻഡ് റിസേർച്ച് ഡയറക്ടർ ഡോ പാർത്ഥ ബിസ്വാസിന്റെ നേതൃത്വത്തിലായിരുന്നു വനിതകൾ ദില്ലിയിലെത്തിയത്. ബലാത്സംഗമുൾപ്പടെയുള്ള അതിക്രമങ്ങൾ മാധ്യമങ്ങളുടെ മുന്നിൽ വെളിപ്പെടുത്തിയതിന് പ്രദേശിക തൃണമൂൽ നേതാക്കളിൽ നിന്ന് ഭീഷണി നേരിടുന്നു എന്നും സ്ത്രീകൾ അറിയിച്ചു.
പതിനൊന്ന് പേരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയെ കാണാൻ എത്തിയത്. അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ദില്ലിയിലെ ജന്തർ മന്തറിൽ നാളെ 10 മണിക്ക് ധർണ്ണയിരിക്കാനാണ് ഇവരുടെ തീരുമാനം. സന്ദേശ്ഖാലി ബിജെപി ബംഗാളിൽ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കുമ്പോഴാണ് ഗ്രാമീണർ സമരം ദില്ലിയിലും എത്തിക്കുന്നത്.